ലോകത്തിലെ ഏറ്റവും തിരക്കേറിയ ഫ്ലൈറ്റ് റൂട്ടുകളുടെ വാർഷിക ലിസ്റ്റ് പുറത്തിറക്കി, ട്രാവൽ ഇൻ്റലിജൻസ് കമ്പനിയായ ഒഫിഷ്യല്‍ എയര്‍ലൈന്‍ ഗൈഡ്. ഹോങ്കോങ്ങില്‍ നിന്നും തായ്‌പേയിലേക്കുള്ള 105 മിനിറ്റ് രാജ്യാന്തര റൂട്ട് പട്ടികയില്‍ ഒന്നാമതെത്തി, 2024 ൽ ഏകദേശം 7 ദശലക്ഷം വിമാനടിക്കറ്റുകള്‍ ആണ് ഈ റൂട്ടില്‍ വിറ്റുപോയത്. ഇതില്‍ 6,781,577 ആളുകള്‍ വീണ്ടും യാത്ര ചെയ്തവരാണ്. 2019 ലും പട്ടികയില്‍ ഒന്നാമതെത്തിയ ഹോങ്കോങ്ങ്-തായ്പേയ് റൂട്ട് കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. താരതമ്യേന 4.9 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ സിംഗപ്പൂർ-ക്വാലലംപൂർ റൂട്ട് ആയിരുന്നു കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഒന്നാമതെത്തിയത്.
ഏകദേശം, 5.5 ദശലക്ഷം സീറ്റുകൾ വിറ്റഴിച്ച കെയ്‌റോ-ജിദ്ദ റൂട്ടാണ് 2024 ലെ പട്ടികയിൽ രണ്ടാമത്. ഈജിപ്തില്‍ നിന്നും സൗദി അറേബ്യയിലേക്ക് നീളുന്ന ഈ റൂട്ടിന് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളില്‍ അമ്പരപ്പിക്കുന്ന വേഗത്തിലുള്ള വളർച്ചയുണ്ടായതായി ലിസ്റ്റ് വിലയിരുത്തി, 2019 ലെ 14-ാം റാങ്കിൽ നിന്ന് 2023 ലും 2024 ലും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി. സോള്‍ ഇഞ്ചിയണില്‍ നിന്നും ഒസാക്ക കൻസായിയിലേക്കുള്ള റൂട്ട് മൂന്നാം സ്ഥാനത്തുണ്ട്. അതേപോലെ സോള്‍ ഇഞ്ചിയണില്‍ നിന്നു തന്നെ ഒസാക്ക കാന്‍സായിലേക്കുള്ള റൂട്ട് അഞ്ചാംസ്ഥാനത്തും ഉണ്ട്. സിംഗപ്പൂർ ചാംഗി എയർപോർട്ടില്‍ നിന്നുള്ള മൂന്നു റൂട്ടുകളും ആദ്യപത്തു റൂട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ക്വാലലംപൂർ (നാലാം സ്ഥാനം), ജക്കാർത്ത (എട്ടാം സ്ഥാനം), ബാങ്കോക്ക് (ഒമ്പതാം സ്ഥാനം) എന്നിവയാണ് അവ.
ഇവ കൂടാതെ, ദുബായ്-റിയാദ് റൂട്ട് ആറാം സ്ഥാനത്തും ന്യൂയോർക്ക് ജെഎഫ്‌കെ-ലണ്ടൻ ഹീത്രൂ പത്താം സ്ഥാനത്തും എത്തി. ദുബായ്-റിയാദ് റൂട്ട് മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ റൂട്ടാണ്. ഇത് നിരവധി തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആഭ്യന്തര റൂട്ടുകളുടെ കാര്യത്തിൽ, ആഗോളതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഏഷ്യയിലാണ്: ജെജു ഇൻ്റർനാഷണൽ- സോള്‍ജിംപോ, സപ്പോറോ ന്യൂ ചിറ്റോസ്-ടോക്കിയോ ഹനേഡ, ഫുകുവോക്ക-ടോക്കിയോ ഹനേഡ എന്നിവയാണ് ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാനറൂട്ടുകള്‍. ജെജു-സോള്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര റൂട്ട് എന്ന കിരീടം നിലനിർത്തി, പ്രതിദിനം ഏകദേശം 39,000 ടിക്കറ്റുകളാണ് ഈ റൂട്ടില്‍ വിറ്റഴിയുന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കെയ്റോയും യൂറോപ്യൻ റൂട്ടുകളിൽ ലണ്ടൻ ഹീത്രൂവും ആധിപത്യം പുലർത്തി, സാൻ ജുവാൻ, ഒർലാൻഡോ എന്നിവയ്ക്കിടയിലായിരുന്നു ലാറ്റിനമേരിക്കയിലെ ഏറ്റവും തിരക്കേറിയ റൂട്ട്. ജിദ്ദ-കെയ്‌റോ, ദുബായ്-റിയാദ് എന്നിവ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഒന്നാമതെത്തി. ജിദ്ദയിൽ നിന്ന് റിയാദിലേക്കുള്ള വിമാന റൂട്ട് ഏറ്റവും വേഗത്തിൽ വളരുന്ന റൂട്ടാണ്, വർഷം തോറും 10% വർധനവാണ് ഇവിടെ ഉണ്ടാകുന്നത്. ഓരോ റൂട്ടിലും രണ്ട് ദിശകളിലും ലഭ്യമായ എയർലൈൻ സീറ്റുകളുടെ അളവ് കണക്കാക്കിയാണ് റാങ്കിങ് തയാറാക്കിയത്. 2022 ൽ, എയർ ട്രാൻസ്‌പോർട്ട് ആക്ഷൻ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് , ലോകമെമ്പാടുമുള്ള മനുഷ്യനിർമിത കാർബൺ (2.1%) വിമാനയാത്രകളില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ വിമാനസർവീസുകള്‍ കൂടുംതോറും പ്രകൃതിക്ക് ഭീഷണിയും കൂടുകയാണ്.
STORY HIGHLIGHTS : worlds-busiest-air-routes-2024