ജീവിതത്തിൽ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കുമ്പോഴും മനുഷ്യൻ അധികാരമുപയോഗിച്ച് സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്. കെ എൽ ഐ ബി എഫ് ടോകിൽ ‘ഓർമ, സൗഹൃദം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും വലിയ പങ്കുണ്ട്. സൗഹൃദങ്ങളാണ് മനുഷ്യജീവിതത്തിന്റെ കാമ്പ്. എഴുതുമ്പോൾ റിസർവ് ബാങ്കിലെ നോട്ട് പോലെ എഴുതണം. ഓരോ നോട്ടിനും തുല്യമായ പൊന്ന് കരുതൽ വെക്കണം. വാക്കുകളും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. അതുകൊണ്ടുതന്നെ എഴുത്തുജീവിതവും വ്യക്തിജീവിതവും അത്ര എളുപ്പമായ ഒന്നല്ല. അഞ്ച് വർഷത്തേക്ക് മാത്രമാണ് നമ്മൾ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ജീവിതത്തോട് ചേർന്നുനിന്നാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം അംബേദ്‌കറിന്റെ ദീർഘവീക്ഷണമായിരുന്നു. അതിൽ ചാരിനിന്നാണ് നിയമനിർമാണ സഭകൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
ജീവിതം പല രീതിയിലാണ് ഓരോ വ്യക്തിയെയും സ്വാധീനിക്കുന്നത്. ഡ്രാക്കുള എങ്ങനെ ഡ്രാക്കുള ആയെന്ന് നാം തിരിച്ചറിയണം. ഓരോ മനുഷ്യജീവിതവും അനുഭവങ്ങളാലും സാഹചര്യങ്ങളാലും വേറിട്ട് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.