Kerala

ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം – sabarimala layout plan approved

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്‌റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനസ്ഥാപനത്തെ പിന്‍തുണയ്ക്കുന്നതിനായി ട്രക്ക്‌റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക്‌റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.

STORY HIGHLIGHT: sabarimala layout plan approved