സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട എന്ന കാർഷിക ഗ്രാമം സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല. മൂന്നാറിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് വട്ടവട. ഡിസംബർ, ജനുവരി മാസങ്ങളിലാണ് വട്ടവടയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയം.പഴങ്ങളും പച്ചക്കറികളും വിളഞ്ഞുനിൽക്കുന്ന വട്ടവട ഏതൊരു സഞ്ചാരിയേയും ആകർഷിക്കുന്നയിടമാണ്. മൂന്നാറിൽ നിന്ന് 44 കിലോമീറ്റർ മാത്രം അകലെയുള്ള കാർഷിക ഗ്രാമമാണ് വട്ടവട. സീസൺ സമയങ്ങളിൽ മൂന്നാറിനേക്കാൾ തണുപ്പ് അനുഭവപ്പെടുന്ന ഭൂപ്രദേശം. മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്ര തന്നെ മനം മയക്കുന്നതാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്ക് നടവിലൂടെ കോടമഞ്ഞ് ആസ്വദിച്ച് പൈൻമരങ്ങളോട് ചേർന്നുള്ള റോഡിലൂടെയാണ് വട്ടവട യാത്ര.
തട്ടുതട്ടുകളായി പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതാണ് വടവട്ടയിലെ വിദൂരക്കാഴ്ച മനോഹരമാണ്. തമിഴും മലയാളവുമാണ് ഭാഷയെങ്കിലും തമിഴ്നാടിനോട് ചേർന്ന പ്രദേശമായതിനാൽ ഭൂരിഭാഗമാളുകളും തമിഴ് ഭാഷയാണ് ഉപയോഗിക്കുന്നത്. കാർഷിക ഗ്രാമമായതിനാൽ തന്നെ കൃഷി ഉപജീവനമാക്കിയ സാധാരണക്കാരാണ് വട്ടവട എന്ന ഈ സ്വർഗീയ ഭൂമിയിലുള്ളത്. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, നെല്ലിക്ക, പഴങ്ങൾ, പാഷൻ ഫ്രൂട്ട്സ് എന്നിവയാണ് വട്ടവടയിൽ അധികമായി കൃഷി ചെയ്യുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് വട്ടവടയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയം. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ തന്നെ തണുപ്പിന് ഒരു കുറവും ഉണ്ടാകില്ല. വട്ടവടയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
മൂന്നാർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള പാമ്പാടും ഷോല നാഷണൽ പാർക്ക്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൻ്റെ അതിർത്തിലാണ് ഈ ഭാഗം. മൂന്നാറിൽ നിന്ന് വടവട്ടയിലേക്കുള്ള യാത്ര വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പാമ്പാടും ഷോള നാഷണൽ പാർക്കിനുള്ളിലൂടെയാണ്. ആറുമണിക്ക് മുൻപ് ചെക്ക് പോസ്റ്റിൽ എത്തണം. ഇവിടെ വാഹനത്തിൻ്റെ നമ്പരും വിവരങ്ങളും നൽകണം. ചെക്ക് പോസ്റ്റ് കടന്നാൽ അഞ്ച് കിലോ മീറ്റർ ദൂരം വനത്തിലൂടെയാണ് യാത്ര. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്താനോ വീഡിയോ പകർത്താനോ ഫോട്ടോ എടുക്കാനോ പാടില്ല. ചെക്കുപോസ്റ്റിൽ നിന്ന് ഈ വിവരങ്ങൾ ലഭിക്കും. കാട്ടുപോത്ത് ഉൾപ്പെടെയുള്ള മൃഗങ്ങൾ റോഡിൽ ഉണ്ടാകും. അതിനാൽ ശ്രദ്ധിച്ചാകണം യാത്ര. വട്ടവടയിൽ നിന്ന് തിരികെ മൂന്നാറിലേക്ക് എത്താനാണ് പ്ലാൻ എങ്കിലും ഈ സമയം കർശനമായി പാലിക്കണം. രാത്രിയും ഏറെ വൈകിയുമുള്ള യാത്ര അപകടകരമാണ്.
വട്ടവടയിൽ പെട്രോൾ പമ്പുകൾ ഇല്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അതിനാൽ മൂന്നാറിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ തന്നെ ആവശ്യത്തിനുള്ള ഇന്ധനം വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. വട്ടവടയിൽ ബ്ലാക്കിൽ ഇന്ധനം ലഭിക്കും. ഒരു ലിറ്റർ പെട്രോളിന് 120 രൂപയാണ് ഇത്തരത്തിൽ നൽകേണ്ടത്. വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ അവ പരിഹരിക്കാനാകുന്ന വർക് ഷോപ്പുകൾ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വട്ടവട യാത്രയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം താമസസൗകര്യമാണ്. വളരെ ചെറിയ കാർഷിക ഗ്രാമമായതിനാൽ തന്നെ താമസ സൗകര്യങ്ങളും കുറവാണ്. താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രമാകണം ഇവിടേക്ക് എത്താൻ. ഹോം സ്റ്റേ സംവിധാനങ്ങൾ പലയിടത്തും ഉണ്ടെങ്കിലും മതിയായ സൗകര്യങ്ങളുടെ കുറവുണ്ട്. ഹോട്ടലുകൾ ഇല്ല എന്നുതന്നെ പറയാം. അതിനാൽ താമസിക്കാനായി കണ്ടെത്തുന്നയിടത്ത് ഭക്ഷണം ഉറപ്പാക്കണം. നെറ്റ് വർക്ക് പ്രശ്നവും അനുഭവപ്പെട്ടേക്കാം. ബിഎസ്എൻഎല്ലിനാണ് ഭൂരിഭാഗം ഭാഗത്തും സിഗ്നൽ ലഭിക്കുക. എടിഎം കൗണ്ടറുകളുടെ എണ്ണം കുറവായതിനാൽ ആവശ്യത്തിനുള്ള പണം കയ്യിൽ കരുതണം. വട്ടവട ടൗണിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും കെഎസ്ആർടിസി ബസ് സർവീസുകളുണ്ട്.
STORY HIGHLIGHTS: munnar-vattavada-trip-important-factors-for-the-visitors