Kerala

കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; രാവിലെ കോടതിയിൽ ഹാജരാക്കും – boby chemmanur arrest update

നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30ഓടെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഒരു കൂസലും ഇല്ലാതെയാണ് ബോബി എത്തിയത്. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് ജീപ്പിൽ ഇന്നലെ രാത്രി ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്. പോലീസ് ജീപ്പിനുള്ളിലും സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ചിരിച്ചുകൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂര്‍ നിന്നത്.

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

STORY HIGHLIGHT: boby chemmanur arrest