Food

ദോശക്കൊപ്പം എന്ത് കറി വേണം എന്നാണോ ആലോചിക്കുന്നത് ? ഈ വെറൈറ്റി ചട്നി ഒന്ന് ട്രൈ ചെയ്യൂ

ഇഡ്ഡലി, ദോശ തുടങ്ങിയ തുടങ്ങിയ പ്രഭാത ഭക്ഷണത്തിനും മറ്റു ലഘു ഭക്ഷണത്തിനുമൊപ്പം ചട്നി, സാമ്പാർ എന്നിവ എല്ലാം മികച്ച കോമ്പോ ആണ്. ചട്നികൾ പല വെറൈറ്റിയിൽ ഉണ്ടാക്കാം. ഇന്ന് ഏറെ രുചിയുള്ള ഒരു തേങ്ങ ചട്നി വീട്ടിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ – 2 ടീസ്പൂൺ
ചെറിയ ഉള്ളി – 15 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ
പുളി – ചെറിയ കഷ്ണം
മല്ലിയില – 2 പിടി
തേങ്ങ – 5 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉഴുന്ന് – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ആദ്യം ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ചൂടായ എണ്ണയിലേക്ക് 15 ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം. ഇതിലേക്ക് എരിവിന് ആവശ്യമായ 2 പച്ച മുളകും ഒരു ടീസ്പൂൺ ഇഞ്ചിയും ഒരു ചെറിയ കഷ്ണം പുളിയും കൂടി ചേർത്ത് ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക്  രണ്ട് പിടി മല്ലിയില ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇതിന്റെ കളർ ഒന്ന് മാറി വരുമ്പോൾ 5 ടേബിൾ സ്പൂൺ തേങ്ങ ചേർത്ത് കൊടുത്ത് ഒരു മിനിറ്റ് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം.

ഇത് തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത മിക്സ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കണം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഉഴുന്നും അര ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിവരുമ്പോൾ കറിവേപ്പില കൂടി ചേർത്ത് ചട്നിയിലേക്ക് ഒഴിച്ചു കൊടുക്കാം. എല്ലാം കൂടെ ഒന്ന് മിക്സ്‌ ചെയ്യാം. ചട്നി തയ്യാർ.