Entertainment

സോണിയുടെയും ഹോണ്ടയുടെയും ‘അഫീല’ ; പുത്തൻ ഫീച്ചറുകളുമായി കിടിലൻ ഇലക്ട്രിക് കാർ

മുൻനിര ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളായ സോണിയുടെയും ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെയും സംയുക്ത സംരംഭത്തിൽ പുതിയ ഇലക്ട്രിക് കാർ പുറത്തിറങ്ങി. യുഎസിലെ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ 2025-ല്‍ വെച്ച് അഫീല 1 ഇലക്ട്രിക് കാർ ഔദ്യോഗികമായി അവതരിപ്പിച്ചു. വാഹന ഭീമന്‍മാരായ ഇരുവരുടെയും ആദ്യത്തെ ഇവിയാണ് അഫീല 1.

അഫീല 1 ഒറിജിൻ, അഫീല 1 സിഗ്‌നേച്ചർ എന്നീ രണ്ട് വേരിയന്റുകളിലാണ് അഫീല 1 ഇവി എത്തിയിരിക്കുന്നത്. അഫീല 1 ഒറിജിന്റെ വില ഏകദേശം 77 ലക്ഷം രൂപ വരും. അഫീല 1 സിഗ്‌നേച്ചറിന് ഏകദേശം 88 ലക്ഷം രൂപയും വരും. 2026 മുതൽ അമേരിക്ക, ജപ്പാൻ തുടങ്ങിയ ആഗോള വിപണികളിൽ ഇത് ലഭ്യമാകും. ആഗോള വിപണിയെ ലക്ഷ്യമാക്കി എത്തിയിട്ടുള്ള വാഹനമാണെങ്കിലും ആദ്യം വിൽപ്പനയ്ക്ക് എത്തുന്നത് കാലിഫോർണിയയിൽ ആയിരിക്കുമെന്നാണ് വിവരം. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി ജനുവരി ഏഴ് മുതൽ ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കാൻ തുടങ്ങിയതായി നിർമാതാക്കൾ അറിയിച്ചു. അഞ്ച് വർഷം കൊണ്ടാണ് ഇലക്ട്രിക് വാഹനമായ അഫീലയുടെ നിർമാണം പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

കോർ ബ്ലാക്ക് നിറത്തിലാണ് അഫീല ഒരുങ്ങിയിരിക്കുന്നത്. യഥാർഥ ഇലക്ട്രിക് വാഹനങ്ങളുടെ രൂപമാണ് അഫീലയ്ക്കുമുള്ളത്. ക്ലോസ്ഡ് ഗ്രില്ല്, കണക്ടഡ് ഡി.ആർ.എൽ, വീതി കുറഞ്ഞ ഹെഡ്ലാമ്പ്, ഇ.വി. അലോയി വീലുകൾ, ചാഞ്ഞിറങ്ങുന്ന റൂഫ് തുടങ്ങിയവയാണ് ഡിസൈൻ സവിശേഷതകൾ.

മൂന്ന് വർഷത്തെ സബ്സ്ക്രിപ്ഷൻ പ്ലാൻ ഉൾപ്പെടെയായിരിക്കും അഫീല പുറത്തിറങ്ങുന്നത്. എ.ഐ. അധിഷ്ഠിത ഫീച്ചറുകൾ, ലെവൽ 2 അഡാസ് സുരക്ഷ സംവിധാനങ്ങൾ, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി ഫീച്ചറുകൾ എന്നിവയായിരിക്കും സബ്സ്ക്രിപ്ഷൻ പ്ലാനിൽ നൽകുന്നത്. എഐ അടിസ്ഥാനമാക്കിയുള്ള പേഴ്സണല്‍ അസിസ്റ്റന്റ് പ്രധാന ആകർഷണമാണ്. ഒറ്റത്തവണ ചാർജിൽ 300 മൈൽ (482 കിലോമീറ്റർ) സഞ്ചരിക്കാൻ സാധിക്കുമെന്നാണ് സോണി ഹോണ്ട മൊബിലിറ്റി അവകാശപ്പെടുന്നത്. ടെസ്ല സൂപ്പർ ചാർജർ നെറ്റ്വർക്കുകളിൽ ഈ വാഹനം ചാർജ് ചെയ്യാനും സാധിക്കും. ഓള്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയും ത്രീഡി മോഷന്‍ മാനേജ്മെന്റ് സിസ്റ്റവും ഇതിലുണ്ട്.

അഫീല 1 ഇലക്ട്രിക് കാറിന്റെ നീളം 4,915 mm ആണ്. 1,460 mm ഉയരവും 3,018 mm വീല്‍ബേസും വരുന്നു. 21 ഇഞ്ച് അലോയ് വീലുകളിലാണ് അഫീല 1 ഇവി ഓടുക. ഹോണ്ട 0 സീരീസ് ഇലക്ട്രിക് കാറുകളുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അഫീല 1 നിര്‍മിച്ചിരിക്കുന്നത്.