Kerala

സ്പോട് ബുക്കിങ് കുറച്ചിട്ടും പതിനെട്ടാംപടി കയറാൻ കാത്തുനിൽപ് തുടരുന്നു; തിരക്കില്ലാതെ സുഖദർശനം

ശബരിമല: പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ ക്യു ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ തിങ്ങിനിറഞ്ഞു നിൽക്കുന്ന സ്ഥിതിയില്ല. ശനിയാഴ്ച നടക്കുന്ന എരുമേലി പേട്ടതുള്ളലിനായി തീർഥാടക സംഘങ്ങൾ എല്ലാം എരുമേലിയിലേക്കാണു നീങ്ങുന്നത്. ആലങ്ങാട് സംഘം ഇന്ന് എരുമേലിയിൽ എത്തും. അമ്പലപ്പുഴ സംഘം ഇന്ന് മണിമലകാവ് ക്ഷേത്രത്തിൽ ആഴി പൂജ നടത്തി നാളെ എരുമേലിയിൽ എത്തും.

പമ്പയിലും സന്നിധാനത്തും തിരക്കു കുറഞ്ഞതിനാൽ പടി കയറ്റുന്നതു വേഗത്തിലാക്കിയാൽ കാത്തുനിൽപ് കുറയ്ക്കാൻ കഴിയും. സോപാനത്തു ദർശനത്തിനു തിരക്കില്ല. പടി കയറി വരുന്നവർക്കു സുഖദർശനം കിട്ടുന്നുണ്ട്. സ്പോട് ബുക്കിങ് വഴി ദർശനത്തിനുള്ള എണ്ണം കുറച്ചിട്ടും പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ കാത്തുനിൽപ് കുറയുന്നില്ല. പടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു കാരണമെന്നാണ് ആക്ഷേപം. 7 മുതൽ 8 മണിക്കൂർ വരെ കാത്തുനിന്നാണ് ഇന്നലെ മിക്കവരും പതിനെട്ടാംപടി കയറിയത്. ദിവസം 22,000 മുതൽ 25,000 പേർ വരെയാണ് സ്പോട് ബുക്കിങ് വഴി ദർശനം നടത്തിവന്നത്. തിരക്കു കുറയ്ക്കാൻ ഇന്നലെ മുതൽ സ്പോട് ബുക്കിങ് 5000 എണ്ണമാക്കി കുറച്ചു.

മകരവിളക്കിന്റെ തിരക്ക് കാരണം വെർച്വൽ ക്യു, സ്പോട് ബുക്കിങ് പാസ് പരിശോധന പൊലീസ് കൂടുതൽ ശക്തമാക്കി. പാസ് ഇല്ലാത്തവരെ നിലയ്ക്കലിൽ നിന്നു തിരിച്ചു വിടാനാണു പൊലീസിനു നിർദേശം. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ പുതിയ സ്പോട് ബുക്കിങ് കൗണ്ടർ തുറക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പമ്പയിലെ 7 കൗണ്ടറിൽ 3 എണ്ണമാണ് നിലയ്ക്കലിലേക്കു മാറ്റുന്നത്. എരുമേലിയിൽ പേട്ടതുള്ളി കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയിലൂടെ കാൽനടയായി ആയിരങ്ങളാണ് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പാതയിൽ തിരക്കേറി.