Health

നോൺസ്റ്റിക് പാനിന്റെ കോട്ടിങ്‌ ഇളകി തുടങ്ങിയോ ? പെട്ടന്ന് പാൻ മാറ്റിക്കോളൂ…! ഇല്ലെങ്കിൽ പണി കിട്ടും

ഇന്ന് എല്ലാ വീടുകളുടെ അടുക്കളകളും കയ്യേറിയിട്ടുണ്ട് നോൺസ്റ്റിക് പാനുകൾ. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇതിൽ ഒട്ടിപ്പിടിക്കില്ല എന്നതാണ് പ്രധാന പ്രത്യേകതയും നോൺസ്റ്റിക് പാനുകളുടെ ആകർഷണവും. അധികം എണ്ണ ചേർക്കാതെ വെറുക്കാനും പൊരിച്ചെടുക്കാനും എല്ലാം കഴിയുന്നതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രിയ അടുക്കള ഉപകരണമാണ്  ഈ നോൺസ്റ്റിക്. എന്നാൽ ഈ നോൺസ്റ്റിക് പാനുകളുടെ കോട്ടിംഗ് ഇളകി പോയാൽ പിന്നെ ഭക്ഷണം പാകം ചെയ്യുന്നത് ദുഷ്കരമാകും. കോട്ടിംഗ് ഇളകിയ ഇത്തരം പാനുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് ശരീരത്തിനും ദോഷം ചെയ്യും.

നോൺസ്റ്റിക് പാനുകൾ അമിതമായി ചൂടാക്കുന്നതും അതിൽ കട്ടിയുള്ള സ്പൂണുകൾ വച്ച് ഇളക്കുന്നതുമാണ് ഇത്തരത്തിൽ കോട്ടിംഗ് പൊളിഞ്ഞു പോകാൻ കാരണം. ഇവ അമിതമായി ചൂടാക്കിയാല്‍ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ടെഫ്‌ളോണ്‍ ആവരണത്തിലെ രാസവസ്‌തുവായ പോളിടെട്രാഫ്‌ളൂറോഎഥിലീന്‍ പെര്‍-ആന്‍ഡ്‌ പോളിഫ്‌ളൂറോആല്‍ക്കൈല്‍ സബ്‌സ്‌റ്റന്‍സസില്‍ ഉള്‍പ്പെടുന്ന തരം രാസവസ്‌തുവാണ്‌. നോണ്‍സ്‌റ്റിക്‌ പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിനും മുകളില്‍ ചൂടാക്കുമ്പോള്‍ ടെഫ്‌ളോണ്‍ ആവരണം തകരുകയും വിഷപ്പുക പുറത്ത്‌ വരികയും ചെയ്യും. ഇത് അസുഖങ്ങൾക്ക് കാരണമാകും.

എണ്ണയോ മറ്റൊ ഒഴിക്കാതെ നോണ്‍സ്‌റ്റിക്‌ പാത്രങ്ങള്‍ ചൂടാക്കരുതെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല സ്‌റ്റീല്‍ പോലുള്ള കട്ടിയായ സ്‌പൂണുകള്‍ നോണ്‍ സ്‌റ്റിക്‌ പാനുകളില്‍ ഉപയോഗിക്കുകയും ചെയ്യരുത്‌. ഇത്‌ അവയുടെ ആവരണം പൊളിയാനും വിഷപ്പുക പുറത്ത്‌ വരാനും കാരണമാകും. പോറലുകള്‍ വീണ്‌ കഴിഞ്ഞ പാനുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. നോണ്‍ സ്‌റ്റിക്‌ പാനുകളിലെ ഒരു ചെറിയ പോറല്‍ പോലും 9000ന്‌ മുകളില്‍ കണികകളെ പുറത്ത്‌ വിടുമെന്ന്‌ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ കണികകള്‍ വൃക്കയ്‌ക്കും വൃഷ്‌ണസഞ്ചിക്കും അടക്കം അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പോറല്‍ വീണ നോണ്‍ സ്‌റ്റിക്‌ പാത്രങ്ങള്‍  പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.