Kerala

അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം; ‘വിശദമായ ചർച്ച വേണം’, കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടനുണ്ടാവില്ല

തിരുവനന്തപുരം: പി.വി.അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടൻ ഉണ്ടാവില്ല. പാർട്ടിയിൽ വിശദമായ ചർച്ച വേണമെന്ന നിലപാട് കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ നേരിൽ കാണാൻ അൻവറും നീക്കം നടത്തിയിരുന്നു.

ജാമ്യം നേടി പുറത്തറിങ്ങിയ അന്‍വര്‍ യുഡിഎഫിനോട് ഒപ്പമെന്നാണ് ആദ്യം തന്നെ പ്രഖ്യാപിച്ചത്. ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മയപ്പെട്ടുള്ള പ്രതികരണം, കെ. സുധാകരന്‍റെ പിന്തുണ ഇതെല്ലാമായപ്പോള്‍ അന്‍വര്‍ വേഗത്തില്‍ യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടു.

പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് നിലപാട്. ഇതിന് ശേഷമേ യുഡ‍ിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നാണ് കോൺഗ്രസ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറത്തെ പാര്‍ട്ടിയില്‍ അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം സൃഷ്ടിക്കാവുന്ന പ്രതിഫലനങ്ങളും കോണ്‍ഗ്രസ് വിലയിരുത്തും. ഏതെങ്കിലും ഘടകകക്ഷികള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ യുഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കാണാനുള്ള താല്‍പര്യം പി.വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് പല നേതാക്കളും.