പലതരം അച്ചാറുകൾ കഴിച്ചിട്ടുണ്ടല്ലേ, എങ്കിൽ ചെറിയുള്ളി വെച്ച് അച്ചാർ തയ്യാറാക്കിനോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ അച്ചാർ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി ഒരു കിലോ
- ഇഞ്ചി 100 ഗ്രാം
- വെളുത്തുള്ളി 100 ഗ്രാം
- പച്ചമുളക് 5 എണ്ണം
- മുളക് പൊടി 4 സ്പൂൺ
- കറി വേപ്പില 3 തണ്ട്
- നല്ലെണ്ണ 200 ഗ്രാം
- കായപ്പൊടി 1 സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഉലുവ 1 സ്പൂൺ
- മല്ലി പൊടി അര സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ നല്ലെണ്ണ ഒഴിക്കണം. അത് ചൂടാകുമ്പോൾ അതിലേക്ക് തോല് പൊളിച്ച ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റി എടുക്കണം. അതിൽ നിന്നും കാൽ ഭാഗം ഉള്ളി മാറ്റി വയ്ക്കുക. ബാക്കി ഉള്ളി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, കറിവേപ്പില, കാൽ ഭാഗം ചെറിയ ഉള്ളി എന്നിവ നന്നായി വറുത്തു എടുക്കുക.
വറുത്ത കൂട്ട് മിക്സിയിൽ എണ്ണ ഇല്ലാതെ അരച്ച് എടുക്കുക. ചീന ചട്ടിയിൽ നല്ലെണ്ണ ബാക്കി ഉള്ളതിൽ അരച്ച കൂട്ടു ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മുളക് പൊടി, മല്ലി പൊടി, കായ പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. വഴറ്റി വച്ചിട്ടുള്ള ചെറിയ ഉള്ളി കൂടെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റി എടുക്കുക. വായുകടക്കാത്ത ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കുക.