പുതിയ എഴുത്തുകാര്‍ പല വിധത്തിലുള്ള സങ്കേതങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്നും അത് പുതിയ സംവേദനശേഷി ഉണ്ടാക്കുന്നുണ്ടെന്നും കവി പ്രഭാവര്‍മ. കവിയും കവിതയും എന്ന സെഷനില്‍ കവിതയിലെ സര്‍ഗാത്മകത എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പുതിയ എഴുത്തുകാര്‍ പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതുവഴി പുതിയ ഭാഷയുണ്ടാവണം, പുതിയ ഭാവുകത്വവും പുതിയ ശൈലീവിശേഷവുമുണ്ടാവണം. എങ്കിലേ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്ലാവുപിടിച്ചുപോയ വാക്കുകള്‍ക്ക് പുതിയ സംവേദനശേഷി ഉണ്ടാവുകയുള്ളൂ. വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥസംവേദന ശേഷി ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം പുതിയ സങ്കേതങ്ങള്‍ തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനസ്സ് നവീകരണത്തിന് വിധേയമാകുമ്പോഴാണ് സര്‍ഗാത്മകമാവുന്നത്. എന്നാല്‍ സര്‍ഗാത്മകത കവിക്കോ കവിതയ്‌ക്കോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏതാണ് സര്‍ഗാത്മകതയുടെ ഉരകല്ല് എന്ന ചോദ്യവും ബാക്കിയാകുന്നു. സര്‍ഗാത്മക മനസുകള്‍ക്കെ കവിതയില്‍ പുതിയ അനുഭൂതിവിശേഷം ഉണ്ടാക്കാനാകൂ. അത്തരം കവികളുണ്ടാകണം. നല്ല കവിതയുണ്ടാകാന്‍ നല്ല വായനാ സമൂഹമുണ്ടാകണം. വായനസമൂഹത്തിന്റെ നിലവാരം താഴുമ്പോള്‍ എഴുത്തുകാരന്റെ നിലവാരവും കുറയും.
ആവര്‍ത്തിച്ചുപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഒരു കവിയുടെയും മനസ്സോ സ്വഭാവമോ വ്യക്തിത്വമോ വെളിപ്പെടുത്തുന്നില്ല. പല സാഹിത്യകാരും വിരുദ്ധങ്ങളായ നിലപാടുകള്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ പല രചനകളിലായി കടകവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രഭാവര്‍മ പറഞ്ഞു.