ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തുകയാണ്. മനസിൽ ആഗ്രഹിക്കാത്ത പല കാര്യങ്ങളും ബിജെപിയിൽ ആയിരുന്നപ്പോൾ നടന്നു എന്നാണ് സന്ദീപ് പറയുന്നത്. ഏറ്റവും അടുത്ത കൂട്ടുകാരന്റെ മുഖത്ത് നോക്കാൻ പോലും പറ്റാത്ത രീതിയിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രസംഗിക്കേണ്ടി വന്നു എന്നാണ് സന്ദീപ് പറയുന്നത്. സഹിക്കാൻ കഴിയാതെ വന്നപ്പോളണ് സ്വന്തം അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് എഴുതിയത്. ബിജെപി യുടെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞ വർഗീയ വിഷയങ്ങളും തുറന്ന് എഴുതുമെന്ന് സന്ദീപ് പറയുന്നു.
സംസ്ഥാനത്ത് സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും ഇതിനെതിരായ ജനവികാരം ഉണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു. ചെറുപ്പം മുതൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. 20 വർഷക്കാലും പ്രവർത്തിക്കുമ്പോൾ മനസിൽ വിങ്ങൽ ഉണ്ടായിരുന്നു, കാരണം മനസിൽ ആഗ്രഹിക്കാത്ത പല കാര്യങ്ങളും ബിജെപിക്ക് വേണ്ടി പറയേണ്ടി വന്നു എന്നും സന്ദീപ് കൂട്ടിച്ചേർക്കുന്നു.
അതേസമയം ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിൽ എത്തിക്കാനുള്ള നടപടികളും സന്ദീപ് നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്നതുൾപ്പെടെ സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.