തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൻ എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നുവെന്നും സംഭവം ഒരു കൊലപാതകം ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അതാണ് നടക്കുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണം അദ്ദേഹം കൂട്ടിച്ചേർത്തു
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേരത്തെ പറഞ്ഞത് ശരിവെക്കുന്നതാണ് കോടതി വിധിയെന്നും എംവി ഗോവിനന്ദൻ പറഞ്ഞു. സിബിഐ യുടെ രാഷ്ട്രീയ പ്രേരിത നീക്കം ഹൈക്കോടതി തടഞ്ഞു. ജയിൽ മോചിതരായ നേതാക്കളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ഇത് ശരിയായ സന്ദേശം തന്നെയെന്നും ജനങ്ങൾ പിന്തുണക്കുമെന്നും പറഞ്ഞു. പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക്, അൻവർ നേരത്തെ തന്നെ യുഡിഎഫ് ആണെന്നും ഇനി യുഡിഎഫിൽ കയറിയാലും ഇല്ലെങ്കിലും തങ്ങൾക്ക് പ്രശ്നം ഇല്ലെന്നുമായിരുന്നു മറുപടി.
അതേസമയം വയനാട് ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനാണ് സിപിഎം തീരുമാനം. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. ഇന്ന് ബത്തേരി മണ്ഡലത്തിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ഐ.സി ബാലകൃഷ്ണന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഇതിന് പുറമെ മനുഷ്യ ചങ്ങല തീർത്തും പ്രതിഷേധിക്കാനാണ് പാർട്ടി തീരുമാനം.
CONTENT HIGHLIGHT: m v govindan about n m vijayan issue