പണം സമ്പാദിക്കാൻ വേണ്ടിയാണ് നമ്മൾ എല്ലാവരും ജോലി ചെയ്യുന്നത്. എന്നാൽ ജോലി ചെയ്ത് കൈ നിറയെ പണം വന്ന് അത് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ നിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ആ അവസ്ഥയിലൂടെ കടന്നുപോയ ഒരു ചെറുപ്പക്കാരൻ ആണ് വിനയ് ഹിരേമത്ത്. 2023 -ലാണ് വിനയ് തന്റെ ലൂം എന്ന ടെക് സ്റ്റാർട്ടപ്പ് 975 മില്ല്യൺ ഡോളറിന് വിറ്റത്. ഓസ്‌ട്രേലിയൻ സോഫ്റ്റ്‌വെയർ കമ്പനിയായ അറ്റ്‌ലാസിയൻ ആണ് ലൂം കമ്പനി വാങ്ങിയത്. 975 മില്ല്യൺ ഡോളർ എന്ന് പറയുമ്പോൾ ഏകദേശം 8,375 കോടിയോളം രൂപ വരും. ഇതിന് ശേഷമാണ് ജീവിതത്തിൽ വിനയ് പ്രതിസന്ധിയിലായത്. മുന്നോട്ട് പോകുന്നത് സംബന്ധിച്ച് പല പദ്ധതികളും ഈ സംരംഭകൻ ആലോചിക്കുന്നുണ്ട്.
ഞാൻ പണക്കാരനാണ്, ഇനി ജീവിതത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.- വിനയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പണം സമ്പാദിക്കുന്നതോ പദവി നേടുന്നതോ ഒന്നും തന്നെ ഇപ്പോൾ മോഹിപ്പിക്കുന്നില്ല, കൈ നിറയെ പണവും അത് ചിലവഴിക്കാനുള്ള അനന്തമായ സ്വാതന്ത്ര്യവും ഉണ്ട് പക്ഷേ എന്ത് ചെയ്യണം എന്ന് മാത്രം അറിയില്ല എന്നിങ്ങനെ പോകുന്നു തന്റെ അവസ്ഥ തുറന്ന് പറയുന്ന വിനയുടെ കുറിപ്പ്.
കമ്പനി വിറ്റതിന് ശേഷം വിനയ്ക്ക് മറ്റൊരു അസരം ലഭിച്ചിരുന്നു. ഒരു കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസർ പോസ്റ്റിലേക്കാണ് ക്ഷണം ലഭിച്ചത്. 60 മില്ല്യൺ ഡോളർ സാലറിയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ അത് നിരസിക്കുകയാണ് അദ്ദേഹം ചെയതത്. എലോൺ മസ്‌കിനും വിവേക് രാമസ്വാമിക്കുമൊപ്പം നാലാഴ്ചയോളം പ്രവർത്തിച്ച അനുഭവവും വിനയ് പങ്കുവെക്കുന്നുണ്ട്. ഇതിനെല്ലാം ഇടയിൽ രണ്ടുവർഷം നീണ്ട ഒരു പ്രണയവും ബ്രേക്കപ്പും പോലും ഉണ്ടായിരുന്നു വിനയുടെ ജീവിതത്തിൽ.
ഇപ്പോൾ എല്ലാറ്റിനും ഒടുവിൽ ജീവിതം മറ്റൊരു രീതിയിൽ ആസ്വദിക്കുകയാണ് വിനയ്. ഹിമാലയം കീഴടക്കാനായിരുന്നു വിനയ് യുടെ ശ്രമം. അതും യാതൊരു പരിശീലനവുമില്ലാതെ. എന്നാൽ ആ ശ്രമം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇപ്പോൾ ഫിസിക്സ് പഠനത്തിൽ മുഴുകിക്കൊണ്ട് ഈ 33-കാരൻ ജീവിതയാത്ര തുടരുകയാണ്.