Kerala

‘പാർട്ടി ഞങ്ങൾ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിച്ചു; അതിജീവിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി’; കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവരെ രക്തഹാരം അണിയിച്ച് സ്വീകരിച്ച് നേതാക്കൾ | cpim leaders after jail release on periya case

സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞെന്നും കെ വി കുഞ്ഞിരാമന്‍

കാസർകോട്: കേരളത്തിലെമ്പാടുമുള്ള പാർട്ടി പ്രവർത്തകർ വലിയ പിന്തുണ നൽകിയെന്ന് പെരിയ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍. ശിക്ഷ നൽകിയപ്പോൾ ഒരു തരത്തിലും ഞങ്ങൾ പ്രതികരിച്ചിരുന്നില്ല. കാരണം നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ പാർട്ടി ഞങ്ങൾ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിച്ചു. കേരളത്തിലെമ്പാടുമുള്ള പാർട്ടി പ്രവർത്തകർ വലിയ പിന്തുണ നൽകി. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

സിബിഐ വെറും കൂട്ടിലിട്ട തത്തയാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈക്കോടതി വിധിയെന്നായിരുന്നു സിപിഐഎം പ്രവർത്തകരെ സ്വീകരിക്കാനെത്തിയ എം വി ജയരാജന്റെ പ്രതികരണം. സിബിഐ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി പലതും ചെയ്യുമെന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും എം വി ജയരാജൻ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അടക്കമുള്ള നിരവധി പ്രവർത്തകർ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി ജയരാജനും എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു. എന്നാൽ കാഞ്ഞങ്ങാട് ടൗണിൽ ഇവർക്ക് നല്‍കാനിരുന്ന പൊതു സ്വീകരണം സിപിഐഎം ഒഴിവാക്കിയിട്ടുണ്ട്.

CONTENT HIGHLIGHT: cpim leaders after jail release on periya case