World

കാട്ടുതീയിൽ പൊള്ളി ലോസ് ആഞ്ചൽസ്; കത്തിച്ചാമ്പലായവയിൽ ഹോളിവുഡ് താരങ്ങളുടെ വീടുകളും | new blaze in hollywood hills

പ്രദേശത്തെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്

ലോസ് ആഞ്ജലിസ്: രണ്ട് ദിവസമായി തുടരുന്ന ലോസ് ആഞ്ചൽസ് കാട്ടുതീ നിയന്ത്രിക്കാനാകാതെ കുഴഞ്ഞ് യുഎസ് ഭരണകൂടം. ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. മരണസംഖ്യയും ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു.

ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സില്‍ സണ്‍സെറ്റ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ തീപ്പിടിത്തംവ്യാപക നാശനഷ്ടമുണ്ടാക്കിയതായാണ് വിവരം. താരങ്ങളുടെ വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. നിര്‍ബന്ധിത ഒഴിപ്പിക്കലും ഇവിടെ നടത്തുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ വിവാഹിതരായ അഭിനേതാക്കളായ ലെയ്ടണ്‍ മീസ്റ്ററുടെയും ആദം ബ്രോഡിയുടെയും വീടടക്കം കത്തിനശിച്ചിട്ടുണ്ട്.

അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുള്‍പ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങള്‍ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. വരണ്ടകാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പുനല്‍കിയിരുന്നു.

അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികള്‍ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.

അതേസമയം, യുഎസിലെ ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ഉത്തരധ്രുവത്തില്‍നിന്നുള്ള തണുത്തകാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സസ്, കെന്റക്കി, വാഷിങ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയിരുന്നു.

CONTENT HIGHLIGHT: new blaze in hollywood hills