ജയിലുകളൊന്നും ഇപ്പോള്‍ പഴയതു പോലെയല്ല. അത്യാധുനിക സൗകര്യങ്ങളും മൃഷ്ടാന്ന ഭോജനവുമൊക്കെയായി കളറായിക്കഴിഞ്ഞു. ജയിലില്‍ എത്തുന്ന തടവുകാര്‍ സര്‍ക്കാരിന്റെ അതിഥികള്‍ ആണെന്നാണ് ജയില്‍ അധികൃതര്‍ തന്നെ പറയുന്നത്. അപ്പോള്‍ അതിഥികള്‍ക്ക് യാതൊരു കുറവും ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന ബുദ്ധിയും ജയില്‍ വകുപ്പിനുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എയ്ക്കും പറയാന്‍ മറ്റൊന്നില്ല. കുറ്റമോ കുറവോ ഒന്നുമില്ല, പുറത്തുള്ളതിനേക്കാള്‍ ഗംഭീരം എന്നേ പറയാനുള്ളൂ. ഒരു ദിവസം മാത്രമാണ് അന്‍വര്‍ ജയിലില്‍ കിടന്നത്. പക്ഷെ, ജയില്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു ദിവസം തന്നെ ധാരാളമാണ്.
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു എം.എല്‍.എയെ താമസിപ്പിച്ചത്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തെങ്കിലും ജാമ്യം കിട്ടിയതു കൊണ്ട് ഒരു ദിവസം തടവായി മാറുകയായിരുന്നു. ജയിലില്‍ പി വി അന്‍വറിന് ലഭിച്ചത് സ്പെഷ്യല്‍ പരിഗണനയാണ്. കട്ടിലും, ടേബിളിനും പുറമെ തനിച്ചൊരു സെല്ലും നല്‍കി. രാവിലെ ഉപ്പുമാവും ഗ്രീന്‍പീസ് കറിയും ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയുമായിരുന്നു കഴിച്ചത്. എം.എല്‍.എമാര്‍ക്കു നല്‍കുന്ന പരിഗണന മാത്രമാണു നല്‍കിയതെന്നാണു ജയില്‍ അധികൃതരുടെ വിശദീകരണം. 568 പേര്‍ക്കു മാത്രം സൗകര്യമുള്ള തവനൂര്‍ ജയിലില്‍ നിലവില്‍ 651 തടവുകാരുണ്ട്.
83 പേര്‍ ജയിലില്‍ കൂടുതലായുണ്ട്. ശനിയാഴ്ചകളില്‍ തടവുകാര്‍ക്ക് മട്ടന്‍ കൂട്ടിയുള്ള ഭക്ഷണമുണ്ട്. ജയിലിലും അന്‍വര്‍ ഭക്ഷണമെല്ലാം കഴിച്ചു. എല്ലാ ബ്ലോക്കിലും എത്തിച്ചു നല്‍കുന്ന ഭക്ഷണം സെല്ലില്‍ നിന്നുള്ളവര്‍ വന്നു എടുത്തുകൊണ്ടുപോയി കഴിക്കുന്നതാണ് പതിവ്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ജയില്‍ ഉച്ച ഭക്ഷണത്തിനോടൊപ്പം മത്സ്യമുണ്ടാകും. മറ്റുള്ള ദിവസങ്ങളില്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാരന്‍ പണമില്ലാത്തതിനാല്‍ മട്ടന്‍ കഴിക്കാതിരിക്കുമ്പോള്‍ കുറ്റവാളികള്‍ക്കു മട്ടനും, മീനും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണു വിളമ്പുന്നത്. തൈര്, കാബേജ്, പയര്‍, ബീന്‍സ് തുടങ്ങിയവയും ഇവിടെ നല്‍കുന്നുണ്ട്.
രാവിലെ പാല്‍ചായ തന്നെയാണു നല്‍കാറുള്ളത്. അന്‍വര്‍ എത്തിയ രാത്രി ജയിലില്‍ ചോറിനൊപ്പം കപ്പയും രസവും അച്ചാറുമുണ്ടായിരുന്നു. 20ഓളം തടവുകാര്‍ ചേര്‍ന്നാണു ഭക്ഷണം ഒരുക്കുന്നത്. കോഴിക്കോടു നിന്നുള്ള സൊസൈറ്റിയാണു ഭക്ഷണത്തിനാവശ്യമായ മട്ടന്‍ ഉള്‍പ്പെടെ എത്തിക്കാറുള്ളത്. പച്ചക്കറിയും മറ്റും സപ്ലൈക്കോയും ഇവിടെയില്ലെങ്കില്‍ സഹകരണ മേഖലയിലെ മറ്റു സൊസൈറ്റികള്‍ വഴിയാണു എത്തിക്കാറുള്ളത്. മാസം ക്വട്ടേഷന്‍ വിളിച്ചാണു ഭക്ഷണത്തിനു ഏല്‍പിക്കാറുള്ളതെന്നാണു ജയില്‍ സൂപ്രണ്ട് പറയുന്നത്. നിലവില്‍ തടവുകാരുടെ എണ്ണം കൂടുതലും പോലീസുകാരുടെ എണ്ണം കുറവുമാണ്. 12 ജീവനക്കാരുടെ കുറവാണ് ജയിലിലുള്ളത്.
അതേ സമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയ്ക്ക് വൈകിട്ടോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കസ്റ്റഡി ആവശ്യം തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയായിരുന്നു ജാമ്യം.
CONTENT HIGH LIGHTS; Prisoner in Tavanur Jail for 15 hours: PV Anwar’s prison life like this?