ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെതിരെ ഫേസ്ബുക് പോസ്റ്റുമായി പ്രൊഫ.ജി ബാലചന്ദ്രൻ രംഗത്ത്. പരിഷ്കൃത സമൂഹം എന്ന് വാഴ്ത്തപ്പെടുന്ന കേരളത്തിലാണ് ബോച്ചേ എന്ന പേരിൽ അറിയപ്പെടുന്ന സ്വർണക്കച്ചവടക്കാരൻ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് പ്രസക്തമാകുന്നതെന്നും നന്മയുടെ അവതാര വേഷം പൂണ്ട ആഭാസൻമാർ അഴിക്കുള്ളിലാകുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചരിത്രം കണക്കു പറയാതെ പോവില്ലെന്നും അനാവശ്യ പോസ്റ്റ് ഇടുന്നവരും കമൻ്റു നടത്തുന്നവരും ഇനി പിടിയിലാവാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
പ്രൊഫ.ജി ബാലചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപത്തിൽ :
ദുശ്ശാസനൻമാരും ബോച്ചേമാരും പ്രതിക്കൂട്ടിലാവുന്നു
ദൂശ്ശാസനൻമാരും ബോച്ചേമാരും അരങ്ങ് വാഴുകയാണ്. ഒടുവിൽ അവർ അഴിയെണ്ണുന്നത് പുതിയ കാല നീതിയാണ്. അറസ്റ്റും കേസും വേറെ. അശ്ലീല കമൻ്റുകളും ദ്വയാർത്ഥ പ്രയോഗവും നടത്തുന്നവർ ജാഗ്രതൈ.
കോട്ടയത്തെ മണിമലക്കുന്നിൽ ദുശ്ശാസനനെ ആരാധിക്കുന്ന ഒരു കാവുണ്ട്. ചുട്ട കപ്പയും മദ്യവുമാണ് വഴിപാട്. പ്രകൃതിയുടെ വികൃതികളിൽ നിന്ന് ഒരു ദേശത്തെ രക്ഷിക്കുന്ന നന്മ മരമായാണ് ദുശ്ശാസനൻ പ്രകീർത്തിക്കപ്പെടുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം കൊല്ലപ്പെട്ട കൗരവരെല്ലാം പലയിടങ്ങളിലായി കുടിയിരുത്തപ്പെട്ടിട്ടുണ്ട്. വ്യാസ ഭാരതത്തിലെ ദുശ്ശാസനനെ ആരും മറക്കാനിടയില്ല.. ഏകവസ്ത്രയും പാണ്ഡവകുലവധുവുമായ പാഞ്ചാലിയെ കൗരവ സഭയിൽ ഗുരുകാരണവൻമാരായ ഭീഷ്മരുടെയും – ദ്രോണരുടെയും മുമ്പിൽ വച്ച് വസ്ത്രാക്ഷേപം നടത്തിയ ” അധമൻ കള്ളച്ചൂതിൽ കക്ഷിയല്ലാത്ത തന്നെ പണയ വസ്തുവാക്കി അപമാനിക്കരുതെന്ന് പറഞ്ഞപ്പോൾ മഹാരഥമാരെല്ലാം മൗനികളായി. ദ്രുപദ പുത്രി അപമാനിക്കപ്പെട്ടപ്പോൾ അരുതെന്ന് പറയാൻ വികർണനും, വിദുരരും ഉണ്ടായിരുന്നു. എന്നാൽ ചരിത്രം ആവർത്തിക്കപ്പെടുകയാണ്.
പരിഷ്കൃത സമൂഹം എന്ന് വാഴ്ത്തപ്പെടുന്ന കേരളത്തിലാണ് ബോച്ചേ എന്ന പേരിൽ അറിയപ്പെടുന്ന സ്വർണക്കച്ചവടക്കാരൻ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് പ്രസക്തമാകുന്നത്. ബോബിക്കെതിരെ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത 31/2025 കേസിൽ പറയുന്നതു പ്രകാരം, “2024 ആഗസ്റ്റ് മാസം ഏഴാം തീയതി പ്രതിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ ആലക്കോട് ഷോറൂം ഉദ്ഘാടനത്തിന് ചെന്ന പരാതിക്കാരിയെ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ വച്ച് പ്രതി ഒരു നെക്ലെസ് ധരിപ്പിക്കുകയും അവരുടെ സമ്മതം ഇല്ലാതെ ദുരുദ്ദേശത്തോടെ അവരുടെ കയ്യിൽ പിടിച്ചു കറക്കുകയും ചെയ്തു എന്നും മറ്റുമാണ്. നന്മയുടെ അവതാര വേഷം പൂണ്ട ആഭാസൻമാർ അഴിക്കുള്ളിലാകുന്നത് നല്ല കാര്യം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ?. ഇത്തരം നീചകൃത്യങ്ങളിലൂടെ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകൾ വായിക്കേണ്ട ഒരു ജീവിത കഥയുണ്ട്. സാറാ ബാർട്ട്മാൻ എന്ന ദക്ഷിണാഫ്രിക്കൻ വനിതയുടേത്. ശരീരത്തിൻ്റെ സ്വഭാവ സവിശേഷത കൊണ്ട് ലണ്ടനിലും ഫ്രാൻസിലും മൃഗതുല്യമായി കൊണ്ടു നടന്ന് കമ്പോള വസ്തുവാക്കിയ ഒരു സ്ത്രീ. മഹാഭാരതത്തിലെ പാർഷതിയുടെ മാനത്തിന് ഭീമസേനൻ ചോര കൊണ്ട് മറുപടി നൽകി. ഫ്രാൻസിൽ അടക്കംചെയ്ത സാറയുടെ ഭൗതിക ശരീരം 1994 ൽ മണ്ഡേലയിലൂടെ ജന്മനാട്ടിൽ എത്തി.
ചരിത്രം കണക്കു പറയാതെ പോവില്ല. അനാവശ്യ പോസ്റ്റ് ഇടുന്നവരും കമൻ്റു നടത്തുന്നവരും ഇനി പിടിയിലാവാൻ സാധ്യത കൂടുതലാണ്.
https://www.facebook.com/share/19fRQK2YKy/?mibextid=wwXIfr