കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഇയാളെ പോലീസ് ഹാജരാക്കിയത്. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. കേസിൽ വാദം പൂർത്തിയായിട്ടുണ്ട്.
ബോബിയുടെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സി.ഐ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മറ്റൊരു കേസില്‍ വിധിച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരാകുന്നത്. താന്‍ മനഃപൂര്‍വ്വം യാതൊരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ല എന്ന വാദമാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയില്‍ പ്രധാനമായി ഉന്നയിച്ചത്. താന്‍ പറഞ്ഞത് ആരേയും അപമാനിക്കാനുള്ള കാര്യങ്ങളായിരുന്നില്ലെന്നും അത് ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആളുകള്‍ വ്യാഖ്യാനിച്ചെടുത്തതാണെന്നും ബോബി ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനായും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഭാഗത്തിനായും ഹജരായതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് അഡ്വ. രാമന്‍ പിള്ള.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്തത്.
ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചിരുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.
164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. ജാമ്യം ലഭിക്കുമോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. പ്രതിയുടെ സമാനമായ മറ്റ് പരാമർശങ്ങൾ പരിശോധിക്കും. നിലവിൽ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഹണി റോസിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചാകും നടപടികൾ. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.