India

തിരുപ്പതിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചരിൽ ഒരു മലയാളി; കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു | tirupati tragedy

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു

ഹൈദരാബാദ്: തിരുപ്പതിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ ഒരു മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിൽ ആണ് അപകടം ഉണ്ടായത്.

നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു.

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്കായി ടോക്കൺ എടുക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. തിരക്കിലും തിരക്കിലും പെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്. അപകടമുണ്ടായശേഷം മരിച്ച ആറുപേരിൽ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നൽകുകയായിരുന്നു.

അതേസമയം, തിരുപ്പതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് താഴെ തിരുപ്പതിയിൽ കൂപ്പണ്‍ വിതരണ കൗണ്ടറിൽ അപകടമുണ്ടായത്. ഇന്ന് രാവിലെ മുതലാണ് കൂപ്പണ്‍ വിതരണം ആരംഭിക്കാനിരുന്നത്. ഇതിന് മുന്നോടിയായി തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിലെ ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറു പേരാണ് മരിച്ചത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതിയിലെത്തി ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് ധനസഹായം പ്രഖ്യാപിച്ചത്.

CONTENT HIGHLIGHT: tirupati tragedy one malayali