Kerala

ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന് സംശയം; കലൂരിലെ നൃത്തപരിപാടി സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് | police raid at organizers home kaloor

മൃദംഗവിഷന്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍നിന്നുവീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തുന്നത്. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നാണ് പരിശോധന.

മൃദംഗവിഷന്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍നിന്നുവീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. സംഭവത്തില്‍ മൃദംഗവിഷന്‍ പ്രൊപ്പൈറ്റര്‍ എം. നിഗോഷ് കുമാറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്ന് സ്റ്റേഡിയം അധികൃതര്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ട് സ്റ്റേഡിയം മൃദംഗവിഷന് വിട്ടുനല്‍കുന്നത്. 2024 ഓഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മൃദംഗവിഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്.

തുടര്‍ന്ന്, ഏകദേശം ഒരു മാസത്തിന് ശേഷം ചന്ദ്രന്‍പിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാഗത്തിന് കൈമാറി. 2025 ഏപ്രില്‍ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സിന് മാത്രമായി നല്‍കിയിരിക്കുകയായിരുന്നതിനാല്‍ സ്റ്റേഡിയം വിട്ടുനല്‍കാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാഗത്തിന്റെ തീരുമാനം. ഫുട്‌ബോളിന് വേണ്ടി മാത്രം നല്‍കിയിരിക്കുകയാണ് സ്റ്റേഡിയം. ഈ അപേക്ഷ പരിഗണിക്കാനാവില്ല.

അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടര്‍ഫ് സ്റ്റേഡിയത്തിലുണ്ട്. മറ്റ് പരിപാടികള്‍ നടത്തുന്നത് ടര്‍ഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാഗം കണ്ടെത്തിയതായി ജി.സി.ഡി.എ. രേഖകളില്‍ പറയുന്നു. എന്നാല്‍, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദംഗവിഷന് ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഒരു നിരാക്ഷേപപത്രം ലഭിച്ചാല്‍ സ്റ്റേഡിയം നല്‍കാനാകുമെന്ന് ഒരു ഉടമ്പടിയുണ്ടാകുന്നു. അതിനുശേഷം എന്‍.ഒ.സി. കിട്ടിയതായി കാണിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പൂര്‍ത്തിയായതെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്.