രാജ്യത്തെ ഗ്രാമീണരെ അവഗണിക്കാതെ അവരുടെ പുരോഗതിക്കായി മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്നാഥ്. അസമത്വവും അധികാര ദുര്‍വിനിയോഗവും വേരുറച്ച മണ്ണിലെ പാര്‍ശ്വവല്‍കൃതരുടെ ശബ്ദമാകാന്‍ മാധ്യമങ്ങളും അധികാരികളും ശ്രമിക്കണമെന്ന് നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മീറ്റ് ദ ഓതര്‍ സെഷനില്‍ അദ്ദേഹം പറഞ്ഞു.
കാലാനുസൃതമായി യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാട്ടുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം സത്യസന്ധമാകുക. ഗാന്ധിജിയും അംബേദ്കറുമെല്ലാം ധാര്‍മിക ഉത്തരവാദിത്തത്തോടെയുള്ള പത്രപ്രവര്‍ത്തനമാണ് നടത്തിയത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നിലവില്‍ തുലോം കുറവാണ്. നാടിന്റെ നന്‍മക്കായി നിലകൊള്ളുന്ന സ്വതന്ത്രമാധ്യമങ്ങള്‍ നിലനില്‍പ്പിനായി വെല്ലുവിളി നേരിടുകയാണ്. വര്‍ഗ, വര്‍ണ , ലിംഗ അസമത്വത്തില്‍ അഗോളതലത്തില്‍ രാജ്യം മുന്നിലാണ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണ കാലഘട്ടത്തെക്കാള്‍ ഇപ്പോള്‍ കൂടുതലാണിത്. രാജ്യത്ത് 90 ശതമാനം സമ്പത്തും ഉപരിവര്‍ഗത്തിന്റെ കൈകളിലാണ്.
കര്‍ഷിക പ്രതിസന്ധികളാണ് കര്‍ഷകരെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കു നയിക്കുന്നത്. ഇത്തരം കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരം ലോകത്തെ ഏറ്റവും വലിയ സമാധാനപരമായ ജനകീയ സമരമായിരുന്നു. 720 കര്‍ഷകരെയാണ് നമുക്ക് നഷ്ടമായത്. പ്രതിരോധത്തിന്റെ സൂചകമായിരുന്നു അത്. കര്‍ഷക പ്രതിഷേധം പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെ എ ഷാജിയായിരുന്നു സംഭാഷണത്തെ നയിച്ചത്.