ബെംഗളൂരു: ഭാര്യയെയും മകളേയും അനന്തരവളേയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് സംഭവം. ഹോം ഗാർഡായി ജോലി ചെയ്തിരുന്ന ഗംഗാ രാജു (42) ആണ് ഭാര്യ ഭാഗ്യ(36), മകൾ നവ്യ(19), അനന്തരവൾ ഹേമാവതി(23)യെന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന സംശയത്തെ തുടർന്ന് ആയിരുന്നു കൊലപാതകം. തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയതിന് പിന്നാലെ രക്തം പുരണ്ട വടിവാളുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു പ്രതി.
പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൂന്ന് യുവതികളും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാഗ്യയുടെ സഹോദരിയുടെ മകളായ ഹേമാവതി ഗംഗാ രാജുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നിരവധി തവണ മർദ്ദിച്ചതിന് പിന്നാലെയാണ് ഇവരെ 42കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ജാലഹള്ളി ക്രോസിലുള്ള വീട്ടിന്റെ തറയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കഴിഞ്ഞ ആറ് വർഷമായി ഈ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യയെ മികച്ച രീതിയിൽ സംരക്ഷിച്ചതിന് ശേഷവും മറ്റൊരാളുമായി അവർ ബന്ധം പുലർത്തിയെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ അടിച്ചത് ചോദ്യം ചെയ്ത മകളും അനന്തരവളും തെറ്റ് തന്റെ ഭാഗത്താണെന്ന് പറഞ്ഞ് ഭാര്യയെ ന്യായീകരിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പ്രകോപനം സൃഷ്ടിച്ച കാര്യമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് പൊലീസ് മാധ്യമങ്ങളോട് വിശദമാക്കിയത്.