Kerala

റോഡ് കെട്ടിയടച്ച് പാർട്ടിയുടെ സമരവും സമ്മേളനവും; എം വി ഗോവിന്ദനും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് കോടതി | cpi leaders asked to appear in court

എല്ലാ ദിവസവും ഇഥ്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി

തിരുവനന്തപുരം: റോഡ് കെട്ടിയടച്ച് സമ്മേളനം സംഘടിപ്പിച്ച പരിപാടികളിൽ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നേതാക്കളോട് നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നൽകിയത്.

തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലും ആണ് കോടതി നിർ​ദേശം.

വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ എംവി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാര്‍, വികെ പ്രശാന്ത് അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വഴിയടച്ച് സെക്രട്ടറേയിറ്റിൽ ജോയിന്‍റ് കൗണ്‍സിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്.

വ‍ഞ്ചിയൂരിലേത് പ്രതിഷേധത്തിന്‍റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. എല്ലാ ദിവസവും ഇഥ്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.കൊച്ചി കോര്‍പ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എംഎൽഎയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.

CONTENT HIGHLIGHT: cpi leaders asked to appear in court