തിരക്കു പിടിച്ച ജീവിതത്തിനിടെ നിത്യവും ഭക്ഷണം പാകം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ ജോലി ഭാരം ലഘൂകരിക്കാൻ ഫ്രിഡ്ജ് സഹായിക്കുമെന്നതിൽ തർക്കമില്ല. കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കുമെന്നത് തന്നെയാണ് പച്ചക്കറികളും പഴങ്ങളും മൽസ്യമാംസാദികളും ഫ്രിജിൽ സൂക്ഷിക്കാൻ എല്ലാവരെയും തന്നെ പ്രേരിപ്പിക്കുന്നത്. ഫ്രിജിൽ വയ്ക്കുന്ന ഓരോന്നും എത്ര ദിവസങ്ങൾ വരെ കേടുകൂടാതെയിരിക്കുമെന്നതിനെ കുറിച്ച് പലർക്കും ധാരണയുണ്ടാകില്ല. പ്രത്യേകിച്ച് മാംസം എത്ര ദിവസം കേടുകൂടാതെ ഫ്രിജിൽ സൂക്ഷിക്കാം, ഫ്രീസറിൽ എത്ര നാളുകൾ വരെയിരിക്കും എന്നെല്ലാം പലർക്കും സംശയമുണ്ടാകും അതിനെല്ലാം ഉത്തരമിതാ.
കോഴിയിറച്ചി പോലുള്ള മാംസം രണ്ടു ദിവസം മാത്രമേ ഫ്രിജിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഫ്രിജിൽ വയ്ക്കുമ്പോൾ താപനില നാല് ഡിഗ്രി ആണെന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യണം. അതേ താപനില നിലനിർത്താനും ശ്രദ്ധിക്കണം. ബീഫ്, മട്ടൻ, പോർക്ക് ഈ ഇറച്ചികൾ അഞ്ചു ദിവസം വരെ ഫ്രിജിൽ കേടുകൂടാതെയിരിക്കും. ഫ്രീസറിൽ നാലു മുതൽ 12 മാസം വരെ മാംസം സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ഇറച്ചിയ്ക്കുമുണ്ട് കാലാവധി. നാലു ദിവസം വരെ യാതൊരു കേടുകൂടാതെയിരിക്കുമെങ്കിലും അതിനുശേഷം അവ കഴിക്കുന്നത് ശാരീരികാസ്വസ്ഥതകൾക്കിടയാക്കും.
ചിക്കൻ കീമ, ബീഫ് കീമ മുതലായവയും ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. എന്നാൽ രണ്ടു ദിവസം മാത്രമേ കേടുകൂടാതെ ഫ്രിജിൽ ഇരിക്കുകയുള്ളൂ. ഫ്രോസൺ ചെയ്താണ് സൂക്ഷിക്കുന്നതെങ്കിൽ നാലു മാസം വരെ കേടുകൂടാതെയിരിക്കും.
ഒരുപാട് ദിവസം മാംസാഹാരങ്ങൾ ഫ്രിജിൽ വച്ച് ഉപയോഗിക്കുന്നത് ഹാനികരമാണെന്നത് കൊണ്ടു തന്നെ കഴിയുന്നതും അത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. ചെറിയ ചില അശ്രദ്ധ ചിലപ്പോൾ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കാനിടയാക്കും.
മാംസം ഫ്രീസറിൽ സൂക്ഷിക്കുന്നത് മാസങ്ങളോളം ഇത് കേടുകൂടാതെ ഇരിക്കുന്നതിന് കാരണമാകുമെങ്കിലും കഴിയുന്നതും വേഗം തന്നെ മാംസം വാങ്ങിയാൽ ഉപയോഗിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശം.
ഇനി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും ചിക്കൻ കേടായോ എന്നറിയാൻ നിറത്തിലും മണത്തിലുമുള്ള വ്യത്യാസങ്ങളല്ലാതെ വേറെയും വഴികളുണ്ട്. സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് മാംസങ്ങളിൽ ഉപയോഗിക്കാവുന്ന കാലാവധിയും മറ്റും കാണുമെങ്കിലും ഇവ അധികം ഗൗനിക്കാതിരിക്കുകയാവും നല്ലത്.
കേടുവന്ന ചിക്കൻ ആണെങ്കിൽ മാംസത്തിന് കൂടുതൽ വഴുവഴുപ്പുണ്ടാകും. ചിക്കന്റെ നിറം പിങ്കിൽ നിന്ന് ഗ്രേയോ പച്ചയോ മഞ്ഞയോ ആകാം. ഒരുപാട് ചീത്തയായ മാംസം ആണെങ്കിൽ ഇതിൽ പൂപ്പലും ഉണ്ടാകും. കേടുവന്ന മാംസം നമ്മളെത്ര ശക്തിയായി ഇടിച്ചാലും അതിന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു വരില്ല. പതിഞ്ഞ, വഴുവഴുത്ത ടെക്‌സ്ച്ചർ ആവും അതിനുണ്ടാവുക.
ഇനി ഫ്രിഡ്ജിൽ എത്രനാൾ സൂക്ഷിച്ചിട്ടും ഇപ്പറഞ്ഞ കേടുവന്ന ലക്ഷണങ്ങളൊന്നും കണ്ടില്ല, അതുകൊണ്ടു തന്നെ റിസ്‌ക് എടുക്കാൻ തയ്യാറാണ് എന്ന സമീപനമാണ് നിങ്ങൾക്കെങ്കിൽ ചീത്തയായ മാംസം കഴിക്കുന്നത് കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന മാംസങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മാസംമാണ് കോഴിയിറച്ചി. കേടുവന്ന കോഴിയിറച്ചിയിൽ ക്യാംപൈലോബാക്ടർ, സാൽമൊണെല്ലാ എന്നീ ബാക്ടീരിയകളാണ് ഉണ്ടാവുക. കേടുവന്നതാണെങ്കിലും നല്ല ഇറച്ചിയാണെങ്കിലും വേവിക്കുമ്പോൾ സാധാരണ ഈ ബാക്ടീരിയകൾ നശിക്കുമെങ്കിലും കേടുവന്ന ചിക്കനിൽ ഇവയുണ്ടാക്കുന്ന വിഷവസ്തുക്കൾ നിലനിൽക്കും. ഇവ ഛർദി, വയറിളക്കം, നിർജലീകരണം, തുടങ്ങിയവയ്‌ക്കൊക്കെ കാരണമാവുകയും ചെയ്യും.