പാലക്കാട്: പീഡനവിവരം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് വാളയാര്‍ കേസിലെ കുട്ടികളുടെ അമ്മ. കേസില്‍ മാതാപിതാക്കളെയും പ്രതിചേര്‍ത്ത നടപടിയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം. സി.ബി.ഐ. അട്ടിമറിച്ചെന്നും പ്രതിചേര്‍ത്ത നടപടിയെ നിയമപരമായി നേരിടുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
”അവര്‍ക്ക് യഥാര്‍ഥപ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് അച്ഛനെയും അമ്മയെയും പ്രതിയാക്കി കുറ്റപത്രം നല്‍കിയിരിക്കുന്നത്. സി.ബി.ഐ. വിചാരിച്ചിരുന്നെങ്കില്‍ ഈ കേസ് സത്യസന്ധമായി തെളിയുമായിരുന്നു. 2017 ജനുവരിയില്‍ മൂത്തമകള്‍ മരിച്ചസമയത്ത് കുട്ടി പീഡിപ്പിക്കപ്പെട്ടവിവരം അറിഞ്ഞിട്ടും തങ്ങള്‍ മറച്ചുവെച്ചെന്നാണ് സി.ബി.ഐ. പറയുന്നത്. അന്ന് ആ വിവരമറിഞ്ഞിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ, ഇപ്പോള്‍ ഈ ചാനലുകളുടെ മുന്നില്‍ ഇങ്ങനെ പ്രതികരിക്കേണ്ട ഗതികേട് എനിക്കുണ്ടാകില്ലായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് കുട്ടികള്‍ പീഡനത്തിനിരയായ വിവരമറിയുന്നത്. മൂത്തമകളുടെ മരണശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പലതവണ സ്റ്റേഷന്‍ കയറിയിറങ്ങി. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്ന് സ്റ്റേഷനില്‍നിന്ന് മടക്കി അയച്ചു. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരുമിച്ച് നല്‍കിയത്. രണ്ടുമക്കളും പീഡിപ്പിക്കപ്പെട്ടിട്ടെന്നാണ് അതില്‍ പറയുന്നത്.
വാളയാര്‍ കേസ് ഒരിക്കലും തെളിയാന്‍പാടില്ലെന്നാണ് സി.ബി.ഐ.യുടെ ആവശ്യം. അതിനാലാണ് അവസാനഘട്ടത്തില്‍ അച്ഛനെയും അമ്മയെയും പ്രതിചേര്‍ത്ത് ഈ നാടകവുമായി സി.ബി.ഐ. ഇറങ്ങിയിരിക്കുന്നത്.
യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ സി.ബി.ഐ ശ്രമിച്ചില്ല. എന്റെ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണ്. അവരെ കൊന്നതാണെന്നും അവര്‍ സ്വയം മരിച്ചതല്ലെന്നും ഈ ലോകത്തോട് പറയണം. ഞങ്ങള്‍ കുറ്റവാളികളല്ലെന്ന് തെളിയിക്കണം. മക്കള്‍ക്ക് നീതിക്ക് വേണ്ടിയാണ് ഞങ്ങള്‍ തെരുവില്‍ നില്‍ക്കുന്നതെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കണം. അതിനായി നിയമപരമായ പോരാട്ടം തുടരും”, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.