World

തീ ‘തിന്നുള്ള’ ജോലിയാ…; ആത്മവിശ്വാസവും ടീം സ്പിരിറ്റും കൂട്ടാന്‍ ജീവനക്കാരെ കൊണ്ട് തീ വിഴുങ്ങിയ്ക്കുന്ന കമ്പനി | employees should swallow fire

പേടിയുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജീവനക്കാരെല്ലാം ഇത് ചെയ്തെന്നും അദ്ദേഹം

ലാഭം ഉണ്ടാക്കുക എന്നത് തന്നെയാണ് ഒരു കമ്പനിയുടെ പ്രഥമലക്ഷ്യം. അതിനുശേഷമേ മറ്റ് എന്തും ഉള്ളൂ. ജീവനക്കാരിൽ നിന്നും കൂടുതൽ ലാഭം കമ്പനികൾ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ലാഭമുണ്ടാക്കുന്നതിനായി ജീവനക്കാരോട് കൂടുതൽ ടീം സ്പിരിറ്റും ആത്മവിശ്വാസവും ആണ് കമ്പനി ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഭയം മാറ്റുന്നതിനും തീ വിഴുങ്ങാൻ ആവശ്യപ്പെട്ടു വന്ന ഒരു ജീവനക്കാരന്റെ കുറിപ്പാണ് വിമർശനങ്ങളിലേക്ക് വഴിവയ്ക്കുന്നത്. കേട്ടിട്ട് ഞെട്ടണ്ട, ഒരു കമ്പനി ജീവനക്കാരെ കൊണ്ട് തീ വിഴുങ്ങിക്കുന്ന കഥയാണ് ഇനി പറയാൻ പോകുന്നത്.

ചൈനീസ് സമൂഹ മാധ്യമമായ ഡൗയിൻ ഉപയോക്താവായ റോംഗ്റോംഗാണ് താന്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരുടെ ഭയം മാറ്റുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കോട്ടണ്‍ കത്തിച്ച് വായില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പേടിയുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജീവനക്കാരെല്ലാം ഇത് ചെയ്തെന്നും അദ്ദേഹം കുറിച്ചെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ വായിലേക്ക് തീ കയറ്റുന്നവര്‍ അവരുടെ ശ്വാസം നിയന്ത്രിക്കണമെന്നും വായ ഈര്‍പ്പമുള്ളതാക്കി വെയ്ക്കണമെന്നും എപ്പോള്‍ കൃത്യമായി വായ അടയ്ക്കണമെന്നും അറിഞ്ഞിരിക്കണം. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകൾക്ക് മാത്രമേ ഇത് സുരക്ഷിതമായി ചെയ്യാന്‍ കഴിയൂവെന്നും അദ്ദേഹം കുറിച്ചു.

കമ്പനി ഉടമകളെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം കാണിക്കാനും ഞങ്ങള്‍ പണം സമ്പാദിക്കുമെന്ന് തെളിയിക്കാനും എല്ലാവരും ആഗ്രഹിച്ചു. എന്നാല്‍ ഈ പരിപാടി അപമാനകരമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം എഴുതി. അതേസമയം ജീവനക്കാരോട് തീ വിഴുങ്ങാന്‍ ആവശ്യപ്പെടുന്ന ആദ്യ കമ്പനിയല്ല റോംഗ്രോങ്ങിന്‍റെതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കിഴക്കൻ ചൈനയിലെ ബിൽഡിംഗ് കമ്പനിയായ റെൻജോംഗ് അഗ്നിശമന സാങ്കേതിക വിദ്യകളിൽ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഈ തീ വിഴുങ്ങല്‍ പരിപാടി നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനിൽ വ്യാപകമായ പ്രതിഷേധമാണ് കുറിപ്പ് ഉയര്‍ത്തിയത്. ‘തൊഴിൽ നിയമങ്ങൾക്ക് കീഴിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇനിയും ഒരുപാട് ദൂരം നമ്മൾ സഞ്ചരിക്കാനുണ്ട്.’ ഒരാൾ എഴുതിയതായി സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജീവനക്കാര്‍ക്കിടയില്‍ ആത്മവിശ്വാസവും സൌഹൃദവും വളര്‍ത്തുന്നതിനായി കമ്പനികൾ ജീവക്കാരെ കൊണ്ട് ചവറ്റുകൊട്ടകൾ ചുമപ്പിക്കുകയും തെരുവിലൂടെ ഇഴയാന്‍ ആവശ്യപ്പെടാറുണ്ടെന്നും ചിലര്‍ കുറിച്ചു.

CONTENT HIGHLIGHT: employees should swallow fire

Latest News