കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്ത് കോടതി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വിധി പറഞ്ഞതിന് പിന്നാലെ തനിക്ക് ദേഹാസ്വാസ്ഥ്യം തോന്നുന്നു എന്നും ഉയർന്ന ബിപി ഉണ്ടെന്നുമാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചത്. ഇതോടെ കോടതി മുറിയിൽ തന്നെ വിശ്രമിക്കാൻ ആണ് പറഞ്ഞിരിക്കുന്നത്.
നടിയുടെ ശരീരത്തിൽ ബോബി ചെമ്മണ്ണൂർ അനുവാദമില്ലാതെ സ്പർശിച്ചെന്നും ആ ചടങ്ങിൽനിന്ന് ഏറെ മനോവേദനയോടെയാണ് അവർ ഇറങ്ങിപ്പോന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഹണി റോസിനെ ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ് അപമാനിച്ചതെന്നും വാദമുയർന്നു. എന്നാൽ, മാപ്പുപറയേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തത്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.
ബോബി ചെമ്മണ്ണൂരിന്റെ വാദങ്ങളെ ശക്തമായി എതിർക്കുകയായിരുന്നു പ്രോസിക്യൂഷൻ. ബോബിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ബോബി ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ഇതിനുശേഷം തുടർച്ചയായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. അനുവാദമില്ലാതെ ഹണി റോസിന്റെ ശരീരത്തിൽ സ്പർശിച്ചു. അവരെ അപമാനിച്ചത് ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും മനസിലാവുന്ന ദ്വയാർത്ഥ പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഏറെ വേദനിച്ചാണ് ഹണി റോസ് മടങ്ങിയത്.
ഹണി റോസിനെ ബോധപൂർവം അപമാനിക്കാനായിരുന്നു പ്രതിയുടെ ശ്രമം. വലിയ സ്വാധീനമുള്ളയാളാണ് ബോബി. അതിനാൽ ജാമ്യം നൽകിയാൽ ഒളിവിൽപ്പോവാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഹണി റോസിന്റെ പരാതി വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നാണ് ബോബിക്കുവേണ്ടി ഹാജരായ അഡ്വ.ബി. രാമൻപിള്ള വാദിച്ചത്. പരാതി കിട്ടിയ ഉടനെ വയനാട്ടിലെത്തി ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതിക്കാരിയെ ബോബി ചെമ്മണ്ണൂർ സ്വാധീനിക്കും എന്ന വാദം തെറ്റാണ്. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണ്. ആരോപണത്തിന് അടിസ്ഥാനമായ പരാതി വളരെ വൈകിയാണ് നൽകിയിട്ടുള്ളത്. ഇതിനുപിന്നിൽ മറ്റെന്തോ താത്പര്യമായിരിക്കാം. പരാതിക്കടിസ്ഥാനമായ പരാമർശം നടത്തിയ ചടങ്ങിനുശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീടും ഇരുവരും മറ്റൊരു പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും രാമൻപിള്ള വാദിച്ചു. കണ്ണൂരിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ കാണണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
നടി ഹണി റോസ് നൽകിയ അശ്ലീല അധിക്ഷേപ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസം വയനാട്ടിൽവെച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുക്കുകയും എറണാകുളത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഗൗരവമുള്ള കുറ്റമാണ് ബോബിക്കെതിരെയുള്ളതെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.