Kerala

മെട്രോയില്‍ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; 33 സീറ്റുകളുള്ള 15 ഇലക്ട്രിക് ബസ് നിരത്തിലേക്ക്; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി | kochi metro trial run of 15 ac electric feeder buses

15 എസി ഇലക്ട്രിക് ഫീഡർ ബസുകളുടെ ട്രയൽ റൺ ആണ് നടത്തിയത്

കൊച്ചി: കൂടുതൽ ഫീഡർ ബസുകൾ നിരത്തിലിറക്കാൻ കൊച്ചി മെട്രോ. ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. അടുത്ത ആഴ്ച റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കും.

റൂട്ടുകളും യാത്രാ നിരക്കും പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബസിനുള്ളിലെ സൗകര്യങ്ങളും വിശദമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വെള്ളിയാഴ്ച 11ന് ഇലക്ട്രിക് ബസ് യാത്ര ക്രമീകരിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

15 എസി ഇലക്ട്രിക് ഫീഡർ ബസുകളുടെ ട്രയൽ റൺ ആണ് നടത്തിയത് . 33 സീറ്റുകളുള്ള വോൾവോ-ഐഷർ ഇലക്ട്രിക് ബസുകൾ ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ബസുകളുടെ ബാറ്ററി കപ്പാസിറ്റിയും പ്രവർത്തന സമയവും വിലയിരുത്തുകയാണ് ട്രയൽ റൺ ലക്ഷ്യമിടുന്നത്. എംജി റോഡിനെയും ഹൈക്കോടതിയെയും ബന്ധിപ്പിക്കുന്ന സർക്കുലർ സർവീസ് ഉൾപ്പെടെ ഏഴു റൂട്ടുകളിൽ ട്രയൽ സർവീസ് നടത്തും. കൊച്ചി മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും ദിവസേന യാത്രക്കാരെ ആകർഷിക്കുന്നതിനായി 15 ഇലക്ട്രിക് ബസുകളുടെ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇ-ബസ് സർവീസ് മെട്രോ സ്റ്റേഷനുകളെ വാട്ടർ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ-കൊച്ചി വിമാനത്താവളം, കാക്കനാട്-ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ-ഇൻഫോപാർക്ക് റൂട്ടുകളിൽ ഫീഡർ സർവീസ് വേണമെന്ന ആവശ്യമുയർന്നിരുന്നു. 10 മുതൽ 12 കിലോമീറ്റർ വരെയുള്ള റൂട്ടുകളിൽ 15 മുതൽ 20 മിനിറ്റ് വരെ ഇടവേളയിൽ പുതിയ ബസുകൾ സർവീസ് നടത്തുമെന്ന് കെഎംആർഎൽ വൃത്തങ്ങൾ അറിയിച്ചു. ഫീഡർ സർവീസുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി കെഎംആർഎല്ലിൻ്റെ മുട്ടം യാർഡിൽ ബസുകളുടെ സർവീസിനായി ബസ് ഡിപ്പോ സ്ഥാപിച്ചു. ഡിപ്പോയ്ക്ക് പുറമെ വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോ സ്‌റ്റേഷനുകളിൽ ബാറ്ററി ലെവൽ കുറവായാൽ ചാർജിംഗ് സൗകര്യത്തിനായി മൂന്ന് ചാർജിംഗ് സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു.