പ്രൗഢഗംഭീരമായ ഇന്ത്യൻ ഫാഷൻ ഫെയറിന്റെ പുരസ്‌കാരവേദിയിൽ ഫാഷൻ ഐക്കൺ ഓഫ് ദി ഇയർ ആയി പ്രമുഖ നടി രജിഷ വിജയനെ ആദരിച്ചു. ഫാഷൻ എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പുരസ്‌കാര വിതരണച്ചടങ്ങുകൾ എറണാകുളം എംപി. ഹൈബി ഈഡനാണ് ഉദ്‌ഘാടനം ചെയ്തത്. ഫാഷൻ രംഗത്തെ പുതുമകൾക്കനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാനും ചെറുപ്പക്കാരായ സംരംഭകരെ ആകർഷിക്കാനുമുള്ള ഐ.എഫ്.എഫ് അധികൃതരുടെ ശ്രമങ്ങളെ ഹൈബി ഈഡൻ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ഫാഷൻ, ബിസിനസ് മേഖലകളെ വളർത്തുന്നതിൽ ഇത്തരം പരിപാടികൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഫാഷൻ രംഗത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് നടി അഞ്ജലി നായർ എക്സലൻസ് അവാർഡിന് അർഹത നേടി. അങ്കമാലിയിലെ ആഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ്. ഫാഷൻ എക്സ്പോയുടെ മൂന്നാംപതിപ്പിന്റെ ഗ്രാൻഡ് ഫിനാലെ ചടങ്ങുകൾക്കിടെയായിരുന്നു പുരസ്‌കാര വിതരണം.
വ്യത്യസ്തങ്ങളായ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച ബാലതാരങ്ങളായി ഡാവിഞ്ചി സന്തോഷിനെയും ആവ്‌നി അഞ്ജലി നായരെയും തെരെഞ്ഞെടുത്തു. ഇ. അയൂബ്ഖാൻ ആണ് ബിസിനസ്മാൻ ഓഫ് ദി ഇയർ. ലെജൻഡ്സ് ഓഫ് ഗാർമെൻറ്സ് ഇൻഡസ്ട്രി എന്ന പുരസ്‌കാരം മുജീബ് കുടുംബത്തിന് നൽകി. യങ്ങ് ബിസിനസ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം മാലിക് (കെ.എം.ടി സിൽക്‌സ്) കരസ്ഥമാക്കി. ഐപ്പ് വള്ളിക്കാടൻ ആണ് മികച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. മികച്ച ഫാഷൻ സംരംഭകനുള്ള പുരസ്‌കാരം നേടിയത് ആർ.കെ. വെഡിങ് മാളിന്റെ നവാസ് എം.പിയാണ്. ശോഭിക വെഡിങ് യൂണിറ്റി അവാർഡ് നേടി. ഫാഷൻ സ്റ്റോർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് വെഡ്‌ലാൻഡ് വെഡിങ്സ് ആണ്. റീറ്റെയ്ൽ ചെയിൻ ഓഫ് ദി ഇയർ പുരസ്‌കാരം സെഞ്ചുറി ഫാഷൻ സിറ്റി സ്വന്തമാക്കി.
കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷൻ ഷോ എന്നറിയപ്പെടുന്ന ഐ.എഫ്.എഫ് (ഇന്ത്യൻ ഫാഷൻ ഫെയർ) എക്സ്പോയിൽ ഇക്കൊല്ലം 200ഓളം പ്രദർശനവേദികളാണ് ഉണ്ടായിരുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 5000ലേറെ പ്രതിനിധികളും പങ്കെടുത്തു. ജനുവരി 7മുതലുള്ള മൂന്ന് ദിവസങ്ങളിൽ കൊച്ചിയെ ആവേശത്തിലാഴ്ത്തിയ പരിപാടിയിൽ, നിരവധി വ്യവസായ പ്രമുഖരും സംരംഭകരും മോഡലുകളും ഒത്തുകൂടിയിരുന്നു.
ഐ.എഫ്.എഫ് ഫാഷൻ ഫെയർ പ്രോഗ്രാം വൈസ് ചെയർമാൻ ഷാനിർ ജെ, കൺവീനർ സമീർ മൂപ്പൻ, പ്രോഗ്രാം ഡയറക്ടർ ഷഫീഖ് പി.വി, ചെയർമാൻ സാദിഖ് പി.പി, ജോയിൻ്റ് കൺവീനർ ഷാനവാസ് പി.വി എന്നിവർ സംസാരിച്ചു.
STORY HIGHLIGHT: indian fashion fair expo concludes rajisha vijayan as fashion icon of the year