നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തശേഷമുള്ള വൈദ്യ പരിശോധന പൂര്‍ത്തിയായി. കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന നടത്തിയത്. ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ബോബി ചെമ്മണ്ണൂരുമായി പോലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയണ്ടായി. പൊലീസിന്‍റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.
ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായി പരിശോധിക്കാൻ തയ്യാറായില്ലെന്നും ജയിലിൽ വെച്ച് പരിശോധിക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചതെന്നും പൊലീസ് മനപൂര്‍വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും അഭിഭാഷകൻ ശ്രീകാന്ത് ആരോപിച്ചു. അതേസമയം, ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സറേ, ഇസിജി, ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
STORY HIGHLIGHT: boby chemmanur case medical examination