ഒരു കാലഘട്ടത്തില്‍ ഉദ്യോഗഭരിതമായ ആഖ്യാന ശൈലി കൊണ്ട് ജനസഞ്ചയത്തെ പിടിച്ചിരുത്തിയ കഥാകാരന്‍. സാധാരണക്കാരായ വായനക്കാരെ തന്റെ ആരാധകരാക്കിയും, അതോടൊപ്പം തന്നെ തന്റെ കഥാപാത്രങ്ങള്‍ക്കും ആരാധക കൂട്ടം സൃഷ്ടിച്ച ജനകീയനായ കഥാകാരന്‍. കോട്ടയം പുഷ്പനാഥ് എന്ന ഒറ്റ പേര് മാത്രം മതി ഡിറ്റക്ടീവ് അപസര്‍പ്പകഥകളിലെ തല തൊട്ടപ്പനെ മനസ്സിലാക്കാന്‍. കോട്ടയം പുഷ്പനാഥും മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തമ്മില്‍ എന്തു ബന്ധം. ഉണ്ട് പുസ്തകോത്സവം വേദിയിലെ ഒരു സ്റ്റാള്‍ കോട്ടയം പുഷ്പനാഥിന്റെ കിടിലം കൊള്ളിച്ച ഗംഭീര സൃഷ്ടികളുടെ പ്രദര്‍ശന ഇടമാണ്. മറ്റു പുസ്തകം മേളകളില്‍ നിന്ന് വിഭിന്നമായി, ഒരു കഥാകാരന്റെ ഒട്ടുമിക്ക സൃഷ്ടികളും ഒരിടത്ത് പ്രദര്‍ശിപ്പിക്കുക എന്നത് അപൂര്‍വ്വം തന്നെയാണ്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കേരളം കണ്ട മികച്ച ഒരു കഥാകാരനെ, ഡിറ്റക്റ്റീവ് നോവലിസ്റ്റിനെ വായനക്കാരനും ആസ്വാദകര്‍ക്കും പരിചയപ്പെടുത്തുന്ന ഈ പുസ്തകോത്സവ സ്റ്റാള്‍ വേറിട്ട് നില്‍ക്കുന്നു. കോട്ടയം പുഷ്പനാഥിന്റെ കിട്ടാവുന്ന എല്ലാ കഥാസൃഷ്ടികളും ഈ ഒറ്റ സ്റ്റാളില്‍ നിന്നും ലഭിക്കും.
ഒരുപക്ഷേ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കും കൊച്ചു കൂട്ടുകാര്‍ക്കും കോട്ടയം പുഷ്പനാഥിനെ അധികമൊന്നും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ വരും തലമുറകള്‍ ഈ എഴുത്തുകാരനെ മനസ്സിലാക്കുവാന്‍ വേണ്ടിയും 57 വര്‍ഷം മുമ്പ് പുഷ്പനാഥ് എഴുതിത്തുടങ്ങിയ സൃഷ്ടികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും വേണ്ടിയാണ് ഇത്തരം സംരംഭം ഒരുക്കിയിരിക്കുന്നതെന്നു പറയാം. 1968 തന്നെ ആദ്യ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ എന്ന സയന്റിഫിക് ത്രില്ലര്‍ പുറത്തിറക്കി കൊണ്ടാണ് കോട്ടയം പുഷ്പനാഥ് കഥാ ലോകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്നു രൂപീകരിച്ച കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍ അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുഷ്പനാഥെന്ന സി.ജി. സക്കറിയയുടെ ചെറുമകനാണ് ഇപ്പോഴത്തെ പുഷ്പനാഥ് പബ്ലിക്കേഷന്റെ സാരഥി. ഇതുവരെ പ്രസിദ്ധീകരിച്ച കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങളെ പുനപ്രസ്ഥീകരിക്കാനുള്ള ദൗത്യമാണ് പുതു തലമുറക്കാരന്‍ റയാന്‍ പുഷ്പനാഥും സംഘവും ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ 70 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കോട്ടയം പുഷ്പനാഥിന്റെ പേരില്‍ 350ലധികം പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയെല്ലാം വീണ്ടും പുനപ്രസ്ഥീകരിക്കണമെന്ന് ആഗ്രഹമാണ് പുതിയ സാരഥികള്‍ നടപ്പാക്കാന്‍ പോകുന്നത്. നവീന കാലത്തിന്റെ ആശയവിനിമയ സംവിധാനങ്ങളായ സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഇവര്‍ ഉപയോഗിക്കുന്നു. പുസ്തകപരിചയം അടക്കമുള്ള കാര്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വഹിക്കുന്നു. ഇ-ബുക്ക്, ഓഡിയോ ബുക്ക് തുടങ്ങിയ നൂതന സംവിധാനങ്ങളും ഉപയോഗിക്കുന്നു.
കോട്ടയം പുഷ്പനാഥിന്റെ ആദ്യ നോവലായ ‘ചുവന്ന മനുഷ്യന്’ കാലികപ്രസക്തിയുണ്ട്. മലയാളത്തിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചുവന്ന മനുഷ്യന്റെ കഥാതന്തുവും, പരിസരവും പുതു തലമുറയ്ക്ക് അന്യമായിരിക്കില്ല. കേരള, എം ജി സര്‍വകലാശാലകള്‍ അവരുടെ മലയാളം പാഠ്യപദ്ധതിയില്‍ കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന മനുഷ്യന്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ വായനാമാര്‍ഗങ്ങളായി മാറിയ ഇത്തരം നോവലുകള്‍ ഒരിക്കലും അന്യമായി പോകില്ല. നവീന കാലത്തില്‍ കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന മനുഷ്യന്‍’ ഉള്‍പ്പെടെയുള്ള നോവലുകളും കഥകളും അരക്കിട്ടുറപ്പിക്കുന്നത് ഇതാണ്.
എങ്ങനെ ഒരു ചരിത്ര അധ്യാപകനെ വിഭിന്നമായ മറ്റൊരു മേഖലയായ അതായത് എഴുത്തിലേക്ക് എത്തിപ്പെടാന്‍ പറ്റി. രണ്ടു കഥാപാത്രങ്ങളിലൂടെ ആയിരുന്നു സക്കറിയ തന്റെ നോവലുകളും കഥകളും എഴുതിയത്. വിദേശരാജ്യങ്ങള്‍ പശ്ചാത്തലമായി വരുന്ന കഥകള്‍ക്ക് കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാര്‍ക്ക്‌സിനാണ് കേസ് എറ്റെടുത്ത് വിജയം കണ്ടെത്തിയിരുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വരുമ്പോള്‍ ഇവിടെ കുറ്റാന്വേഷകന്‍ പുഷ്പരാജയിരുന്നു. മനോരാജ്യം വാരികയിലൂടെ ആയിരുന്നു പുഷ്പനാഥിന്റെ ആദ്യ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ പ്രസിദ്ധീകരിച്ചത്. പിന്നീട് കര്‍ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിയമ്പലം, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ബ്രഹ്‌മരക്ഷസ്, ഡ്രാക്കുളക്കോട്ട, ഫെറോവന്റെ മരണ മുറി, ചുവന്ന അങ്കി തുടങ്ങി പുഷ്പനാഥിന്റെ നിരവധി രചനകള്‍ ഒരു തലമുറയെ അവരുടെ വായനാ ഇടങ്ങളില്‍ പിടിച്ചിരുത്തി.