Kerala

വിരലുകള്‍ക്കിടയിലെ വിടവുകള്‍ സഹൃദയരെ ചേര്‍ത്തുപിടിക്കാനുള്ളതാണ്, സൗഹൃദമാണ് ജീവിതത്തിന്റെ സൗന്ദര്യം; കൃഷ്ണകുമാര്‍

മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഓരോരുത്തരും മനുഷ്യനാകുകയെന്ന് മോട്ടിവേറ്റീവ് സ്പീക്കറും മൈന്‍ഡ് ട്രെസ്റ്റ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍പേഴ്സനുമായ കൃഷ്ണകുമാര്‍. വിരലുകള്‍ക്കിടയിലെ വിടവുകള്‍ സഹൃദയരെ ചേര്‍ത്തുപിടിക്കാനുള്ളതാണ്. ജീവിതം സൗന്ദര്യപൂര്‍ണമാക്കുന്നത് സൗഹൃദങ്ങളാണെന്നും കെഎല്‍ഐബിഎഫിലെ ജീവിതമെന്ന സൗന്ദര്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ജനിച്ച് ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് തനിക്ക് ജനിതകരോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി പിടിപെടുന്നത്. അനുജത്തി ജനിച്ചപ്പോള്‍ അവള്‍ക്കും ഇതേ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. ഹോം ട്യൂഷനിലൂടെ വിദ്യാഭ്യാസം നേടി. ഞങ്ങളെ സ്വപ്നം കാണാനാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. അനുജത്തി നിരീക്ഷകയും ചിത്രകാരിയുമായിരുന്നു. അച്ഛന്‍ പുസ്തക പരിപാടികള്‍ക്ക് കൈപിടിച്ചു കൊണ്ടുപോകുമായിരുന്നു.

ഒരു അപകടത്തില്‍ അച്ഛനേയും അനുജത്തിയേയും നഷ്ടമായി. അത് മനസ്സിനെ മുറിവേല്‍പ്പിച്ചു. ജീവനുതുല്യം സ്നേഹിച്ച രണ്ടു വ്യക്തികള്‍ ജീവിതത്തില്‍ നിന്ന് പെട്ടെന്ന് നഷ്ടമാകുന്ന വേദന. ആ സംഭവത്തിനുശേഷം അമ്മ ഒരു ഭ്രാന്തിയെ പോലെയാണ് പെരുമാറിയിരുന്നത്. നാലുവര്‍ഷം താനും ഈ അനങ്ങാത്ത ശരീരവുമായി ഫാന്‍ നോക്കി കിടന്നു. ആ നിമിഷങ്ങളില്‍ തന്നെ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ സുഹൃത്തുക്കളാണ് തനിക്ക് എല്ലാമെല്ലാം. ഇത്തരം അവസ്ഥകളിലുള്ളവര്‍ക്ക് വേണ്ടി ഒരു സംഘടന ആരംഭിക്കാന്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ടു വന്ന ഫോണ്‍കോള്‍ പിന്നീട് ജീവിതം മാറ്റിമറിച്ചു. അങ്ങനെ സഹൃദയര്‍ക്കൊപ്പം ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുനടക്കാനായതായും അദ്ദേഹം പറഞ്ഞു.