Thiruvananthapuram

മനസ്സിന്റെ അടിത്തറയില്‍ കല്ലില്‍ കൊത്തിയ വിനോദമാണ് വായന; മാനസികാരോഗ്യത്തിന് പുസ്തകങ്ങള്‍ മുതല്‍ക്കൂട്ട് : ദിവ്യ എസ് അയ്യര്‍

നല്ല പുസ്തകങ്ങള്‍ മാനസികാരോഗ്യത്തിന് മുതക്കൂട്ടാണെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പുറമേ ഏറ്റവും കൂടുതല്‍ ആളുകള്‍ യാതന അനുഭവിക്കുന്നതും മരിക്കുന്നതും മാനസികാരോഗ്യ പ്രശ്നങ്ങളാലാണ്. മാനസിക പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ പലപ്പോഴും മടിക്കാറുണ്ട്. എന്നാല്‍ പലചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ നല്‍കിയിട്ടുള്ള പുസ്തകങ്ങള്‍ മാനസികാരോഗ്യത്തിനു ഗുണകരമാണ്. അവയുടെ മാന്ത്രിക സ്പര്‍ശം ജീവിതത്തില്‍ ഉള്ളതുകൊണ്ടാണ് മാനസികാരോഗ്യവുമായി വായന ഇഴചേര്‍ന്നിരിക്കുന്നതെന്ന് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വായനയും മാനസികാരോഗ്യവും എന്ന വിഷയത്തിലെ പ്രഭാഷണത്തില്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

മനസ്സിനെ ആനന്ദിപ്പിക്കുന്ന, ശാന്തമാക്കുന്ന അനുഭവമാണ് വായന. വിഷമതകളെ മാറ്റാനും മറ്റുലോകത്തേക്ക് മാന്ത്രികത്തേരിലാനയിക്കാനും വഴികാട്ടാനും പുസ്തകങ്ങള്‍ക്ക് കരുത്തുണ്ട്. ജീവിതത്തില്‍ പ്രത്യാശ നല്‍കുന്ന മാന്ത്രികപ്പൊതികളാകുകയാണ് പുസ്തകങ്ങള്‍. കടലിനും കാഴ്ചകള്‍ക്കും കാലത്തിനുമപ്പുറത്തേക്കാണ് അവ ആനയിക്കുക. പുസ്തകമെന്ന ആയുധത്തെ സ്നേഹത്തിനും നന്മക്കും സമാധാനത്തിനുമായി ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

മനസ്സിന്റെ അടിത്തറയില്‍ കല്ലില്‍ കൊത്തിയ വിനോദമാണ് വായന. കാലങ്ങള്‍ കഴിയും തോറും വായന മാറുന്നില്ല. ടഗോറിന്റെ ചോക്കര്‍ബാലിയാണ് പുസ്തക പ്രണയത്തിലേക്ക് നയിച്ചത്. മസൂറിയിലെ ഗാന്ധി സ്മൃതി ലൈബ്രറി ജീവിതത്തില്‍ നിര്‍ണായകമായി. ഡോ പോള്‍ കലാനിധിയുടെ വെന്‍ ബ്രീത്സ് ബികംസ് എയര്‍ തന്നെ ഞെട്ടിച്ച പുസ്തകമാണ്. എം. മുകുന്ദന്റെ എംബസിക്കാലമാണ് ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Latest News