Tech

ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ 4 പുറത്തിറങ്ങാന്‍ ഏപ്രില്‍ വരെ കാത്തിരിക്കണം | Apple iphone-se-4

മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ 4 ജനുവരിയില്‍ പുറത്തിറങ്ങാന്‍ സാധ്യതയില്ല

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ വരാനിരിക്കുന്ന മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ 4 ജനുവരിയില്‍ പുറത്തിറങ്ങാന്‍ സാധ്യതയില്ല. ഐഫോണ്‍ 16ഇ എന്ന് ആപ്പിള്‍ കമ്പനി പുനഃനാമകരണം ചെയ്യാന്‍ സാധ്യതയുള്ള നാലാം തലമുറ എസ്ഇ ഫോണ്‍ ഇറങ്ങാന്‍ ഏപ്രില്‍ വരെ കാത്തിരിക്കണം എന്ന് ആപ്പിള്‍ വാര്‍ത്തകള്‍ ഏറ്റവും ക‍ൃത്യതയില്‍ അറിയിക്കാറുള്ള ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗര്‍മാന്‍ ട്വീറ്റ് ചെയ്തു. ആപ്പിളിന്‍റെ നിലവിലെ പദ്ധതികള്‍ പ്രതീക്ഷിച്ചത് പോലെ പുരോഗമിച്ചാല്‍ ഐഫോണ്‍ എസ്ഇ4ന്‍റെ ലോഞ്ച് 2025 ഏപ്രില്‍ മാസമേയുണ്ടാകൂവെന്നാണ് ഗര്‍മാന്‍ നല്‍കുന്ന സൂചന.

ആപ്പിളിന്‍റെ ബഡ്‌ജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ എസ്ഇ സിരീസ് (iPhone SE) ആപ്പിള്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് പ്രമുഖ ടിപ്‌സ്റ്ററായ ഫോക്കസ് ഡിജിറ്റല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം വരാനിരിക്കുന്ന നാലാം തലമുറ എസ്ഇ ഫോണ്‍ മോഡല്‍ ഐഫോണ്‍ 16ഇ (iPhone 16e) എന്നറിയപ്പെടും എന്നാണ് സൂചന. ഫോക്കസ് ഡിജിറ്റല്‍ അവകാശപ്പെടുന്നത് സത്യമെങ്കില്‍ ഐഫോണ്‍ 16 സിരീസിന്‍റെ ബഡ്‌ജറ്റ് മോഡലായി ഐഫോണ്‍ 16ഇ അറിയപ്പെട്ടേക്കും.

 

ഐഫോണ്‍ എസ്ഇ 4/ഐഫോണ്‍ 16ഇയില്‍ വമ്പന്‍ അപ്‌ഡേറ്റുകളുണ്ടാകും എന്ന് ഇതിനകം ഏറെ സൂചനകളുണ്ട്. മിഡ്-റേഞ്ച് ഫോണെങ്കിലും 48 എംപി സിംഗിള്‍ റീയര്‍ ക്യാമറ അടക്കം പ്രീമിയം തലത്തിലുള്ള ഫീച്ചറുകള്‍ ഐഫോണ്‍ എസ്ഇ 4ല്‍ ഉള്‍പ്പെടുത്തിയേക്കും. ഐഫോണ്‍ 14ന്‍റെ അതേ ഡിസൈന്‍, 6.1 ഇ‌ഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, എഐ ഫീച്ചറുകള്‍, 12 എംപി സെല്‍ഫി ക്യാമറ, 3729 എംഎഎച്ച് ബാറ്ററി, യുഎസ്ബി-സി പോര്‍ട്ട്, കരുത്തുറ്റ എ18 ചിപ്പ് എന്നിവ ഐഫോണ്‍ എസ്ഇ 4ലുണ്ടാകുമെന്നും ആപ്പിള്‍ കമ്പനി സ്ഥിരീകരിക്കാത്ത ലീക്കുകളില്‍ പറയുന്നു. ഐഫോണ്‍ എസ്ഇ 3യേക്കാള്‍ വില നാലാം തലമുറ ഫോണിനുണ്ടാകും എന്ന അഭ്യൂഹങ്ങളും സജീവമാണ്.

 

content highlight : iphone-se-4-not-launching-in-january-and-new-date-for-next-apple-smartphone-is-leaked