സ്കൂള്‍ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി. ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യനാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായാണ് തൃശ്ശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കാൽനൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്‍റെ ആവേശത്തിലാണ് തൃശ്ശൂർ. സ്‌കൂള്‍ കാലോത്സവത്തിൽ വിജയിച്ച് സ്വർണക്കപ്പുമായി എത്തിയ തൃശൂർ ടീമിന് ജില്ലയിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
26 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ നേട്ടം ജില്ലയിലെ കുട്ടി കലാകാരന്മാർക്ക് അവകാശപ്പെട്ടതാണെന്നും കൊതിയോടെ നോക്കിയിരുന്ന സ്വർണ്ണക്കപ്പിൽ രണ്ടര പതിറ്റാണ്ടുകാലത്തിന് ശേഷം മുത്തമിടാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
STORY HIGHLIGHT: kerala school kalolsavam victory collector announced holiday for all schools in thrissur