പാലക്കാട്: ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് നിലവിൽ വന്ന സിബിഐക്ക് പോക്സോ കേസ് അന്വേഷണത്തിന് അധികാരമില്ലായിരുന്നു.
വാളയാർ കേസിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നു കേന്ദ്രം സിബിഐ ആക്ടിൽ പോക്സോ കേസ് ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തു. വിചാരണയ്ക്കു സിബിഐ കോടതിക്ക് അധികാരമില്ലാത്തതിനാൽ ആദ്യം അന്വേഷിച്ച സിബിഐ സംഘം സ്പെഷൽ പോക്സോ കോടതിയായ പാലക്കാട് അഡീഷനൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയതു ചർച്ചയായി. കീഴ്ക്കോടതിയുടെ വിധി മരവിപ്പിച്ച ഹൈക്കോടതി തുടരന്വേഷണത്തിനും പുനർവിചാരണയ്ക്കു ഉത്തരവിട്ടതോടെ സിബിഐ കോടതിയെ സ്പെഷൽ പോക്സോ കോടതി കൂടിയാക്കാനും നടപടി സ്വീകരിച്ചു.