ഭുവനേശ്വർ: ലോകത്തിനു വേണ്ടത് ബുദ്ധനാണ്, യുദ്ധമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ മാതാവ് മാത്രമല്ല ഇന്ത്യയെന്നും ഒരു ജനത മുഴുവൻ ജനാധിപത്യം അനുഭവിക്കുന്ന രാജ്യമാണിതെന്നും 18–ാം പ്രവാസി ഭാരതീയ ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. വിദേശത്തു കഴിയുന്ന ഓരോ ഇന്ത്യൻ വംശജനും രാജ്യത്തിന്റെ അംബാസഡർമാർ ആണെന്നും അവിടം സന്ദർശിക്കുമ്പോൾ അവരുടെ സ്നേഹവും അനുഗ്രഹവും അനുഭവിക്കുന്നതു മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനും അധിനിവേശത്തിനുമായി നിലകൊള്ളുന്ന രാജ്യങ്ങൾക്ക് ഇന്ത്യയ്ക്കു നൽകാനുള്ള സന്ദേശം ബുദ്ധന്റെ സമാധാനത്തിന്റേതാണ്– അദ്ദേഹം പറഞ്ഞു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കർല കംഗലൂ വിർച്വലായി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 4 പ്രദർശനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.