India

ബിജെപിക്കെതിരായ ആം ആദ്മി പാർട്ടിയുടെ പരാതികൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി: ബിജെപിക്കെതിരായ ആം ആദ്മി പാർട്ടിയുടെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. അതിനിടെ ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ മറികടക്കാൻ വമ്പന്‍പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി. വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്നും ന്യൂഡൽഹിയിലെ ബിജെപി സ്ഥാനാർഥി പർവേഷ് വർമ്മ വോട്ടിന് പണം നൽകി എന്നുമാണ് എഎപി ആരോപണം. ഇക്കാര്യം ചൂണ്ടി ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കുവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിർദ്ദേശ നൽകിയത്.

അതേസമയം ആം ആദ്മി പാർട്ടിയുടെ സൗജന്യ വാഗ്ദാനങ്ങൾ മറികടക്കാൻ ബിജെപി ഉടൻ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിക്കും. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലാഡ്ലി ബെഹ്ന പോലുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. അതിനിടെ ഡൽഹിയിൽ ആംആദ്മിയെ തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും പിന്തുണച്ചത് ഇൻഡ്യ മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായി. ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കാണ് കൂടുതൽ സാധ്യതയെന്ന സഖ്യ കക്ഷികളുടെ പ്രഖ്യാപനം കോൺഗ്രസിന് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.