ഡൽഹി: മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും എന്ന് മോദി പറയുന്നു. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്നും ജയചന്ദ്രൻ്റെ വിയോഗത്തിൽ ദുഖമുണ്ടെന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് (മണ്ണത്ത് ഹൗസ്) മൃതദേഹം എത്തിച്ചത്. ഇതിനുശേഷം സംഗീത–നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും 5 തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും പിന്നണി ഗായകനുള്ള തമിഴ്‌നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചിരുന്നു. 1965 ൽ മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹത്തിൻ്റെ ശബ്ദമാധുര്യം തെന്നിന്ത്യൻ ഭാഷയിലാകെ സംഗീത ആസ്വാദകരെ തഴുകി. പതിഞ്ഞ ഭാവത്തിലെ പാട്ടുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്പോഴും പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം കൂടിയായിരുന്നു ജയചന്ദ്രന്റേത്.
CONTENT HIGHLIGHT: modi on singer p jayachandran demise