Health

ഭാരം കുറയ്ക്കാന്‍ ചോളം ഉത്തമം, ചര്‍മാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും | health-benefits-of-corn-sweet-corn-recipe

ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയ ചെറുധാന്യമാണ് ഇത്

കോണ്‍ അഥവാ ചോളം എല്ലാവര്‍ക്കും ഇഷ്ടമാണ്. ശരിക്കും ചോളം അത്രയൊക്കെ പോഷകസമൃദ്ധമാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാല്‍ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ചോളം. ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയ ചെറുധാന്യമാണ് ഇത്. മഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍ തുടങ്ങിയവയാലും സമ്പുഷ്ടമാണ്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്.
ചോളം ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ്. ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാണ, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും ധാരാളമായി ചോളം കൃഷി ചെയ്യുന്നു. ഡെന്റ്, അനിലേസുയ, ഫ്‌ളിന്റ് (ഇന്ത്യന്‍ കോണ്‍), പോപ്പ്, സ്വീറ്റ്, മണിച്ചോളം എന്നിങ്ങനെ ചോളത്തിന്റെ പല ഇനങ്ങള്‍ ഇന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും കൃഷിചെയ്യുന്നത് ഫ്‌ളിന്റ് എന്ന ഇനമാണ്. പോപ്പ് ഇനത്തില്‍ നിന്നാണ് പോപ്‌കോണ്‍ ഉണ്ടാക്കുന്നത്. ചോളത്തില്‍ നിന്നുള്ള എണ്ണ പാചകത്തിന് ഉപയോഗിക്കാം. മലയാളികള്‍ അധികം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്ത ഒന്നാണ് ചോളം. എന്നാല്‍ ഗുണങ്ങളറിഞ്ഞാല്‍ ഇവയെ മാറ്റിനിര്‍ത്തുകയുമില്ല.

ഗുണങ്ങള്‍
1. ചോളത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. വിളര്‍ച്ച കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചോളത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.
4. ചോളം നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് ക്രമീകരിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണ്.
5. കണ്ണുകളുടെ ആരോഗ്യത്തിനും ചോളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
6. നാരുകള്‍ ധാരാളമടങ്ങിയതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ് ചോളം.
7. ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി, ലൈക്കോപീന്‍ എന്നിവ കോളാജന്‍ ഉത്പാദനം കൂട്ടുകയും ചര്‍മാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.
8. ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി, സീലിയാക് ഡിസീസ് ഇവയുള്ളവര്‍ക്ക് സുരക്ഷിതമായ ഗ്ലൂട്ടന്‍ രഹിത ഭക്ഷണമാണ് ചോളം.
9. 100 ഗ്രാം ചോളത്തില്‍ 364 കലോറി ഊര്‍ജം, 10.4 ഗ്രാം പ്രോട്ടീന്‍, 72.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 1.9 ഗ്രാം കൊഴുപ്പ്, 6.3 ഗ്രാം ഫൈബര്‍, 25 മില്ലി ഗ്രാം കാല്‍സ്യം, 22 മില്ലി ഗ്രാം ഫോസ്ഫറസ് എന്നിങ്ങനെയാണ് പോഷകങ്ങളുടെ തോത്.
10. ചോളപ്പൊടികൊണ്ടുള്ള വിഭവങ്ങള്‍ കുട്ടികള്‍ക്കും മികച്ചതാണ്. കുട്ടികളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.

content highlight : health-benefits-of-corn-sweet-corn-recipe