Kerala

വ്യക്തമായ കാരണമില്ലാതെ അവയവദാനത്തിന്റെ അപേക്ഷ നിഷേധിക്കരുത്; ഹൈക്കോടതി | not deny organ donation requests without valid reason

20 വയസ്സുകാരന് രക്തബന്ധമില്ലാത്ത യുവതിയുടെ വൃക്ക സ്വീകരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കണമെന്ന് ഉത്തരവിട്ടാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം

കൊച്ചി: വ്യക്തമായ കാരണമില്ലാതെ അവയവദാനത്തിന്റെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബന്ധുക്കളല്ലാത്തവരും അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതില്‍ ശുഭാപ്തിവിശ്വാസമാണ് ഉണ്ടാകേണ്ടത്. പരോപകാരമെന്ന നിലയിലാണ് അവയവദാനം ചെയ്യുന്നതെന്ന് ദാതാവ് ഉറപ്പിച്ചുപറയുമ്പോള്‍ വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിഷേധിക്കരുത്. ഇക്കാര്യത്തില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള തീരുമാനമാണ് വേണ്ടതെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു.

അടിയന്തരമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനാകേണ്ട 20 വയസ്സുകാരന് രക്തബന്ധമില്ലാത്ത യുവതിയുടെ വൃക്ക സ്വീകരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കണമെന്ന് ഉത്തരവിട്ടാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഒരാഴ്ചയ്ക്കുള്ളില്‍ എറണാകുളം ജില്ല ഓതറൈസേഷന്‍ സമിതി അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കി അവയവമാറ്റനടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. മലപ്പുറം സ്വദേശിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

ഭാര്യയില്‍നിന്ന് സ്വീകരിച്ച വൃക്കകൊണ്ടാണ് ഹര്‍ജിക്കാരന്‍ ജീവിതം നിലനിര്‍ത്തുന്നത്. പിതാവും വൃക്കരോഗിയാണ്. യുവാവിന് വൃക്ക നല്‍കാന്‍ ആലപ്പുഴ അരൂര്‍ സ്വദേശിയായ യുവതി സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക ഇടപാടടക്കമുള്ള കാരണങ്ങളുടെ പേരില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. വൃക്കരോഗം കാരണം സഹോദരനെ നഷ്ടപ്പെട്ട യുവതിയാണ് യുവാവിന് വൃക്ക ദാനംചെയ്യാന്‍ തയ്യാറായത്.

1994-ലെ അവയവകൈമാറ്റ ചട്ടമനുസരിച്ച്, രണ്ടുപേരും ചേര്‍ന്ന് ഓതറൈസേഷന്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയെങ്കിലും ജില്ലാ പോലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന പേരില്‍ നിഷേധിച്ചു. തുടര്‍ന്ന്, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അപേക്ഷ പരിഗണിക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടെങ്കിലും അനുമതി ലഭിച്ചില്ല.

പിന്നീട് ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. വൃക്ക നല്‍കാന്‍ യുവതി സ്വമേധയാ സമ്മതിച്ചതാണെന്നും സംശയകരമായ ഒന്നുമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് വിഷയം വീണ്ടും കോടതിയിലെത്തിയത്.