ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്റെ പരീക്ഷാ ‘ഭയം’. ചോദ്യം ചെയ്യലില്‍ താനാണ് ബോംബ് ഭീഷണി മെയില്‍ അയച്ചിരുന്നതെന്ന് കുട്ടി സമ്മതിക്കുകയും ചെയ്തു. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
കുറഞ്ഞത് ആറ് തവണ ബോംബ് ഭീഷണി മുഴക്കിയുള്ള ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. ഓരോ തവണയും സ്വന്തം സ്കൂൾ ഒഴികെയുള്ള വിദ്യാലയങ്ങളിലേക്കായിരുന്നു ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. ഒരു തവണ 23 സ്‌കൂളുകള്‍ക്ക് വരെ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
പരീക്ഷ എഴുതാതിരിക്കാനാണ് കുട്ടി ഇത്തരത്തില്‍ ബോംബ് ഭീഷണി പദ്ധതിയുമായിട്ട് ഇറങ്ങിയതെന്ന് പോലീസ് പറയുന്നത്. ബോംബ് ഭീഷണികളെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
നേരത്തെ മൂന്ന് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇ-മെയിലുകള്‍ അയച്ചത് അവിടുത്തെ തന്നെ വിദ്യാര്‍ഥികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 23 ഓളം സ്‌കൂളുകളിലേക്ക് ഇ-മെയില്‍ ഭീഷണി അയച്ച വിദ്യാര്‍ഥിയെ പിടികൂടിയിരിക്കുന്നത്.
നേരത്തെ പിടികൂടിയ വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ പിടികൂടിയ വിദ്യാര്‍ഥിക്കും പരീക്ഷ റദ്ദാക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം 11 ദിവസത്തിനിടെ 100 ഓളം സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചിരുന്നത്. വി.പി.എന്‍ വഴിയാണ് ഇമെയിലുകള്‍ അയക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.