ഒമാനിൽ നിന്നും 470 പ്രവാസികൾക്ക് ഇത്തവണ ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിക്കും. ഹജ്ജിന് അവസരം ലഭിക്കുന്നവർക്ക് ഇതുസംബന്ധിച്ച സന്ദേശം അയച്ചു തുടങ്ങിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിന്നും ആകെ പതിനാലായിരത്തോളം പേർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക.
ഒമാൻ മതകാര്യ മന്ത്രാലയമാണ് ഹജ്ജ് അപേക്ഷകരുടേയും അവസരം ലഭിച്ചവരുടേയും വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ആകെ 39,584 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം 34,126 പേർ അപേക്ഷിച്ചിരുന്നു. രാജ്യത്ത് നിന്നും ആകെ 14,000 പേർക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കും. ഇതിൽ 13,098 പേർ ഒമാനികളും 470 പ്രവാസികൾക്കുമാണ്. ബാക്കി സീറ്റ് ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങൾക്കായിരിക്കും.
അറബ് പൗരൻമാരായ 235 പേർക്കും ഇതര രാഷ്ട്രങ്ങളിൽ നിന്നുള്ള 235 പേർക്കുമായിരിക്കും പ്രവാസി ക്വാട്ടയിൽ നിന്നുള്ള അവസരം. കഴിഞ്ഞ വർഷങ്ങളിൽ 500 പ്രവാസികൾക്ക് അവസരം ലഭിച്ചിരുന്നു. 250 പേർ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും 250 പേർ ഇതര രാജ്യക്കാരുമായിരുന്നു. ഒമാനിൽ നിന്ന് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുന്നവർക്ക് സന്ദേശം അയച്ചു തുടങ്ങിയതായി ഔഫാഖ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തിനുള്ള യോഗ്യതയുടെ മുൻഗണന പാലിച്ചുകൊണ്ട് ഇലക്ട്രോണിക് സംവിധാനം വഴിയായിരുന്നു നറുക്കെടുപ്പ്.. സന്ദേശം ലഭിക്കുന്നവർ അഞ്ച് ദിവസത്തിനുള്ളിൽ മന്ത്രാലയം നിർദേശങ്ങൾ പ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു