Kerala

കൂട്ടം തെറ്റി വന്ന കുട്ടിയാനയെ പിടികൂടി ആർആർടി സംഘം; പരിക്ക് ഭേദമാക്കിയതിന് ശേഷം പുനരധിവാസം | Calf caught by rrt force

കുട്ടിയാനയെ തോൽപ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം

വയനാട്: കൂട്ടം തെറ്റി വയനാട് ജനവാസ മേഖലയിൽ വന്ന കുട്ടിയാനയെ ആർആർടി സംഘം പിടികൂടി. മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ നിന്നാണ് സംഘം കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയെ തോൽപ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം.

ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന. കടുവ ഓടിച്ചപ്പോൾ ഉണ്ടായ പരിക്ക് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയെ തോൽപ്പെട്ടിയിലെത്തിച്ച് വി​ദ​ഗ്ധ ചികിത്സ നൽകും. ജനവാസമേഖലയിലെ വീടുകൾക്ക് സമീപം ഓടി നടക്കുകയായിരുന്നു. ആർആർടി സംഘം വളരെ സമയത്തെ നിരീക്ഷണത്തിന് ശേഷമാണ് ആനയെ പിടികൂടിയത്.

ഇന്നലെ രാത്രി മുതല്‍ ആന പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ വീടുകളുടെ സമീപത്തേക്കും ഓടിയെത്തുന്നുണ്ടായിരുന്നു. കുട്ടിയാനയുടെ കാലിൽ മാത്രമല്ല, തുമ്പിക്കൈയിലും പരിക്കുണ്ട്. കാട്ടിലേക്ക് തുരത്താൻ ആർആർടി സംഘം ശ്രമിക്കുന്നതിനിടെയാണ് പരിക്ക് ശ്രദ്ധയിൽപെട്ടത്.

കാപ്പിത്തോട്ടത്തിൽ വെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു വീട്ടിലേക്ക് ആന ഓടിക്കയറി. മതിലുള്ള വീടായതിനാൽ മറ്റെങ്ങോട്ടും ഓടാൻ സാധിച്ചില്ല. തുടർന്നാണ് ആനയെ പിടികൂടിയത്. മികച്ച ചികിത്സ നൽകി പരിക്ക് ഭേദമാക്കിയതിന് ശേഷം പുനരധിവാസം നടത്താനാണ് ആർആർടി അധികൃതരുടെ തീരുമാനം.

CONTENT HIGHLIGHT: Calf caught by rrt force