Kerala

ഉന്നത വിദ്യാഭ്യാസം തകര്‍ക്കും: യു.ജി.സി റഗുലേഷന്‍സ് 2025 പിന്‍വലിക്കണമെന്ന് ആവശ്യം; വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ അധ്യാപക നിയമനത്തില്‍ വരെ കേന്ദ്ര ഇടപെടലെന്ന് AKPCTA

സര്‍വ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറല്‍ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യു.ജി.സി പുതിയ മാര്‍ഗനിര്‍ദേശങ്ങളോടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ അധ്യാപക നിയമനത്തില്‍ വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടു കൂടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണത്തിന്‍ മേല്‍ കടന്നു കയറാനുള്ള കേന്ദ്രസര്‍ക്കാറിന്റെ കുറുക്കുവഴിയാണീ മാര്‍ഗ നിര്‍ദേശം. അധ്യാപകരുടെ സേവന- വേതന കാര്യങ്ങളില്‍ കാലാകാലങ്ങളായി യു.ജി.സി റഗുലേഷനുകളിലൂടെ നടപ്പിലാക്കി വന്നിരുന്ന ഒട്ടുമിക്ക കാര്യങ്ങളിലും അശാസ്ത്രീയമായ രീതികളാണ് പുതിയ നിര്‍ദ്ദേശം പിന്തുടരുന്നത്.

ഇതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെയാകെ പിന്നോട്ടടിക്കുന്ന യു.ജി.സി റഗുലേഷന്‍സ് 2025 പിന്‍വലിക്കണമെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന കമ്മിറ്റി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന്റെ അടിസ്ഥാന യോഗ്യത നെറ്റ് ആണെങ്കിലും പ്രമോഷനുകള്‍ക്ക് പി എച്ച് ഡി നിര്‍ബന്ധമാകുന്ന സ്ഥിതിയാണ് പുതിയ നിര്‍ദ്ദേശത്തില്‍ ഉള്ളത്. നിയമന കാര്യത്തിലും അധ്യാപകരുടെ പ്രൊമോഷന്‍ കാര്യത്തിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളെയും കരട് നിര്‍ദ്ദേശം ഇല്ലാതാക്കിയിരിക്കുകയാണ്.

ഭാവിയില്‍ സ്ഥിരനിയമനങ്ങള്‍ ഇല്ലാതാക്കി താല്‍ക്കാലിക നിയമനങ്ങളും കരാര്‍ നിയമനങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ റഗുലേഷന്‍സ്. ബിരുദാനന്തര തലത്തില്‍ പഠിച്ചതല്ലാത്ത വിഷയത്തില്‍ ഗവേഷണം ചെയ്യുന്നയാള്‍ക്ക് ആ വിഷയത്തില്‍ അധ്യാപനം നടത്താന്‍ പറ്റുന്നതടക്കമുള്ള വ്യവസ്ഥകള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കും. നിലവിലുള്ള അധ്യാപകരുടെ പ്രൊമോഷന് പ്രൊഫസര്‍ റാങ്കിലുള്ള ആളുകള്‍ മാത്രമേ വിഷയ വിദഗ്ധരാകാവൂ എന്ന അങ്ങേയറ്റം അശാസ്ത്രീയമായവും അപ്രായോഗികവും ആയ നിര്‍ദ്ദേശവും പുതിയ കരട് റഗുലേഷന്‍സ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഈ രീതിയില്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസത്തെ കേവലം കേന്ദ്ര നിയമമാക്കി മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ അധികാരങ്ങളെയും എടുത്തു കളയുന്ന തരത്തിലാണ് കരട് നിര്‍ദ്ദേശങ്ങള്‍ യുജിസി മുന്നോട്ടുവച്ചിട്ടുള്ളത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണകാര്യത്തിലോ സാമ്പത്തിക സഹായം നല്‍കുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത യുജിസി ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നതിനും കേന്ദ്രീകൃതമായ ഭരണസംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അശാസ്ത്രീയവും വിദ്യാഭ്യാസത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ യു.ജി.സി പിന്‍വലിക്കണം.

CONTENT HIGH LIGHTS; Shattering Higher Education: Demand Withdrawal of UGC Regulations 2025; AKPCTA that central intervention from appointment of vice chancellor to appointment of teachers