Kerala

മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കാണാതായത് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ; ഫോൺ ഫോറൻസിക് പരിശോധനക്ക്, ദുരൂഹത | mami’s driver wife missing

ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാതായത്. ഇത് കൂടുതൽ സംശയത്തിലേക്കാണ് നയിക്കുന്നത്. ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സ​ഹോദരൻ സുമൽജിത്താണ് കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു.

2023 ആഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. അന്ന് അവസാനമായി മാമി കണ്ടത് ഡ്രൈവറെയായിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. കഴിഞ്ഞ മാസം 20 മുതൽ ക്രൈം ബ്രാഞ്ച് സംഘം ഇടയ്ക്കിടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. 7 ന് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഡ്രൈവർ രജിത് കുമാറിന്റെ ഭാര്യ തുഷാരയുടെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. 8ന് വീണ്ടും ഹാജരാകാൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇരുവരെയും കാണാതാകുന്നത്.

കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെ കാണാതായി എന്നാണ് കുടുംബം നൽകിയ പരാതിയിലുളളത്. ഏഴാം തീയതി ഭാര്യയുടെ സഹോദരനോട്‌ മക്കളെ സ്കൂളിൽ നിന്നും കൂട്ടുവാൻ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്ത് ലോഡ്ജിൽ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെയാണ് ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. രജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം.അതെവിടേക്കെന്നതിൽ വ്യക്തതയില്ല.

CONTENT HIGHLIGHT: mami’s driver wife missing updates