ചൂടേറിയ രാഷ്ട്രീയ സാംസ്‌കാരിക ചർച്ചകളുടെ നിയമസഭാങ്കണം കുട്ടികളുടെയും പ്രിയപ്പെട്ട ഇടമായി മാറുകയാണ്. പുസ്തകോത്സവ സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും നിരന്നതോടെ കുരുന്നുവായനക്കാരുടെ തിരക്കേറി. സ്‌കൂൾ അധികൃതർക്കൊപ്പം കൂട്ടമായും അച്ഛനമ്മമാർക്കൊപ്പവും കുട്ടികളെത്തുന്നുണ്ട്.
ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി ഗൗരീനാഥിന് പ്രിയം കുറ്റാന്വേഷണ കഥകളോടും കോമിക്കുകളോടുമാണ്. നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്ന് പതിപ്പുകൾക്കും അച്ഛനോടൊപ്പം മുടങ്ങാതെയെത്തിയ ഗൗരീനാഥിന് അടുത്ത വർഷവും വരണമെന്നാണ് ആഗ്രഹം. കോമിക്കുകളും പൊതുവിജ്ഞാന പുസ്തകങ്ങളുമാണ് ഗൗരീനാഥ് സ്വന്തമാക്കിയത്. പേയാട് ഗ്രീൻ വാലി ഇന്റർനാഷണൽ സ്‌കൂളിൽ വിദ്യാർത്ഥിയായ മിഖായേലിന് താല്പര്യം സയൻസ് ഫിക്ഷനിലാണ്. റോബോട്ടുകളുടെ കഥ പറയുന്ന പുസ്തകവും അനുജത്തിക്ക് ബാലകഥകളുടെ സമാഹാരവുമായാണ് മിഖായേൽ വീട്ടിലേക്ക് മടങ്ങിയത്. സെന്റ് തോമസ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയായ ദിയയ്ക്ക് പ്രിയം കഥകളോടും കോമിക്കുകളോടും പസിൽ പുസ്തകങ്ങളോടുമാണ്. അടുത്ത വർഷം വീണ്ടുമെത്തുമെന്ന് പറഞ്ഞ് ഇരുകൈയിലും പുസ്തകങ്ങളും നിറഞ്ഞ പുഞ്ചിരിയുമായാണ് ദിയയുടെ മടക്കം.
വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്റ്റുഡന്റസ് കോർണറിലും കുട്ടികളെ ആകർഷിച്ചും അതിശയിപ്പിച്ചും വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. മാജിക്ക് ഷോ, പപ്പറ്റ് ഷോ, സംവേദനാത്മക സെഷനുകൾ തുടങ്ങി വിവിധ പരിപാടികൾ സ്റ്റുഡന്റസ് കോർണറിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു. അതോടൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ലളിതഗാനം, ചെറുനാടകങ്ങൾ, ഗെയിമുകൾ, കഥകളും അനുഭവങ്ങളും പങ്കുവയ്ക്കൽ, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നു. കുട്ടികൾക്കായി കെ എസ് ആർ ടി സി സജ്ജമാക്കിയ സിറ്റി റൈഡിൽ ഒട്ടേറെ വിദ്യാർഥികൾ നഗരം ചുറ്റി.
CONTENT HIGH LIGHTS; Legislature Book Festival: Literary feast for children