ഇതിഹാസങ്ങളിലെ സിംഗിൾ മദർ എന്ന് വിശേഷിപ്പിക്കാവുന്ന സ്ത്രീ കഥാപാത്രങ്ങൾ സ്വയം ഇരയായി കണ്ടിട്ടില്ലെന്നും പുതുതലമുറ അവരിൽ നിന്ന് പഠിക്കണമെന്നും എഴുത്തുകാരിയും വിമർശകയുമായ പ്രൊഫ സി മൃണാളിനി. കെ എൽ ഐ ബി എഫ് ടോക്കിൽ ഇതിഹാസങ്ങളിലെ സിംഗിൾ മദർ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവർ.
സീതയും കുന്തിയും ശകുന്തളയും ശൂർപ്പണഖയും ഹിഡുംബിയുമെല്ലാം ഒറ്റയ്ക്ക് മക്കളെ വളർത്തിയ അമ്മമാരാണ്. അവരെല്ലാം പങ്കാളിയുടെ ജീവിതത്തിൽ തങ്ങളില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം സ്വന്തം ജീവിതം സ്വയം തീരുമാനിച്ചവരാണ്. രാമൻ വനവാസം കഴിഞ്ഞെത്തിയ ഉടൻ സീതയോട് അഗ്‌നിശുദ്ധി വരുത്താൻ ആവശ്യപ്പെട്ടപ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ട സീത അഗ്‌നിശുദ്ധി വരുത്തി അരനിമിഷം നിൽക്കാതെ മക്കളെയും നൽകി ഭൂമിദേവിക്കൊപ്പം പോയി. അനുഭവിച്ച അപമാനങ്ങൾക്ക് പകരം ചോദിക്കണമെന്ന കുന്തിയുടെ തീരുമാനമാണ് കുരുക്ഷേത്ര യുദ്ധത്തിന് കാരണമാകുന്നത്. ഹിഡുംബിയും ചിത്രാംഗദയുമെല്ലാം മക്കൾക്ക് സർവ വിജ്ഞാനവും പകർന്ന് കരുത്തരാക്കി സമൂഹത്തിനു നൽകിയവരാണ്. ആത്മാഭിമാനം മുറിപ്പെടാതെ ജീവിക്കാനുറച്ച കഥാപാത്രങ്ങളാണ്. ഇതിൽ ഓരോ കഥാപാത്രവും ഓരോ പുസ്തകമാക്കാൻ മാത്രം വലിപ്പമുള്ളവരാണ്.
ഈ വനിതാ രത്‌നങ്ങളെ മാതൃകയാക്കാൻ ഇന്നത്തെ സ്ത്രീകൾ തയ്യാറാകണം. ഇരയുടെ ചട്ട അണിയുന്നവരാണ് ഇന്നത്തെ ഒറ്റയമ്മമാരിൽ ഏറെപ്പേരും. അതിന്റെ ആവശ്യമില്ലെന്നും കരുത്തോടെ മക്കളെ വളർത്തി, സ്വയം പ്രകാശിപ്പിക്കാനുള്ള സാദ്ധ്യതകൾ തേടണമെന്നും ഇതിഹാസങ്ങൾ വായിക്കപ്പെടുന്നത് അത് മനസ്സിലാക്കേണ്ട അർത്ഥത്തിലല്ലെന്നും പ്രൊഫ മൃണാളിനി പറഞ്ഞു.
CONTENT HIGH LIGHTS; Legislature Book Festival: The ‘single mothers’ of legends are not victims; Prof. C. Mrinalin